ഡബ്ലിൻ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി പക്ഷിപ്പനിയുടെ ഭീതിയിലാണ് അയർലൻഡ്. ഇതിനോടകം തന്നെ മൂന്ന് സ്ഥലങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യത്തിൽ വലിയ ആശങ്കയിലാണ് കർഷകർ. രോഗബാധയുണ്ടായാൽ കടുത്ത സാമ്പത്തിക നഷ്ടത്തിന് അത് കാരണമാകും. കൂടുതൽ മേഖലകളിൽ രോഗബാധ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങളും ഭീതിയിലാണ്.
നിലവിൽ അയർലൻഡിൽ വ്യാപിക്കുന്ന എച്ച്5എൻ1 മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഹെൽത്ത് പ്രൊട്ടക്ഷന്‍ സർവൈലൻസ് സെന്റർ വ്യക്തമാക്കുന്നത്. എങ്കിലും ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. കോഴി ഇറച്ചി, മുട്ട എന്നിവ ശരിയായ രീതിയിൽ പാകം ചെയ്ത് മാത്രം കഴിക്കുക. രോഗം ബാധിച്ചതോ, ചത്തതോ ആയ കാട്ടുപക്ഷികളുടെ സമീപം പോകുകയോ അവയെ സ്പർശിക്കുകയോ ചെയ്യരുത്. പക്ഷികളെ വളർത്തുന്നവർ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.

