പത്തനംതിട്ട : അടൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാൻ ബാബു ദിവാകരൻ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവച്ചത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന് രാജി കത്ത് കൈമാറി. മണ്ഡലത്തിലെ യോഗ്യരായ നേതാക്കളെ സ്ഥാനാർത്ഥികളായി പരിഗണിക്കാൻ നേതൃത്വം തയ്യാറല്ലെന്ന് ബാബു ദിവാകരൻ ആരോപിച്ചു.
പത്തനംതിട്ടയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളുണ്ട്. യുഡിഎഫിൽ കോൺഗ്രസ് നാല് സീറ്റുകളിൽ മത്സരിക്കുന്നു. ഇവിടെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യമായും രഹസ്യമായും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. തന്റെ സ്ഥാനാർത്ഥിത്വ ആവശ്യത്തോട് നേതൃത്വം അനുഭാവപൂർവ്വമായ നടപടികൾ സ്വീകരിക്കാത്തതിലും മണ്ഡലത്തിന് പുറത്തുള്ളവരെ ഈ മണ്ഡലത്തിലെ സ്ഥാനാർത്ഥികളായി പരിഗണിക്കുന്നതിലും ബാബു അതൃപ്തി അറിയിച്ചു.
ബാബു ദിവാകരൻ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ അധ്യക്ഷൻ, കെപിസിസി സാംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി, ഡിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

