ഡബ്ലിൻ: നിർമ്മാണ മേഖലയിൽ അയർലന്റ് നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ആവശ്യം 80,000 നിർമ്മാണ തൊഴിലാളികളെ. പ്രതിവർഷം 50,000 വീടെന്ന സർക്കാരിന്റെ ലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ 40,000 തൊഴിലാളികളെ കൂടി നിർമ്മാണ രംഗത്ത് ആവശ്യമാണെന്നാണ് ഇഎസ്ആർഐ വ്യക്തമാക്കുന്നത്. ഇതിന് പുറമേ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾക്കും 40,000 തൊഴിലാളികളെ വേണം. ഇഎസ്ആർഐയുടെ ക്വാർട്ടർലി ഇക്കണോമിക് കമന്ററിയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
അയർലന്റിൽ നിലവിൽ വീട് വാങ്ങുന്നതും വാടകയ്ക്ക് എടുക്കുന്നതും വലിയ ചിലവേറിയ കാര്യമാണ്. ഇതോടൊപ്പം വീടുകളുടെ ആവശ്യകതയും രാജ്യത്ത് വർദ്ധിക്കുന്നു. ഇതേസമയം പൊതുഅടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിക്കാൻ രാജ്യത്ത് കാലതാമസവും നേരിടുന്നുണ്ട്. ഇത് പരിഹരിക്കാൻ കൂടുതൽ തൊഴിലാളികൾ ആവശ്യമാണെന്നും ഇഎസ്ആർഐ വ്യക്തമാക്കി.

