ഡബ്ലിൻ: ആറ് ദിവസമായി തുടരുന്ന സെക്രട്ടറിമാരുടെയും കെയർടേക്കർമാരുടെയും സമരം സ്കൂളുകളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. സമരത്തെ തുടർന്ന് പകുതിയോളം വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അയർലൻഡിലെ തന്നെ ഏറ്റവും വലിയ സ്കൂളായ ഗോറി കമ്യൂണിറ്റി സ്കൂളിൽ സ്ഥിതിഗതികൾ രൂക്ഷമാണ്.
പകുതിയോളം കുട്ടികൾക്ക് ഇതുവരെ സ്കൂളിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പ്രിൻസിപ്പാൾ മൈക്കൾ ഫിൻ വ്യക്തമാക്കുന്നത്. പണി മുടക്കിനെ തുടർന്ന് 3,4,5 വർഷ വിദ്യാർത്ഥികളോട് ഈ ആഴ്ച വീട്ടിൽ തന്നെ തുടരാൻ നിർദ്ദേശിച്ചിരിക്കുകയാണ്. സമരം തുടർന്നാൽ ഇവർ വീണ്ടും വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതരാകും.
1600ൽ അധികം വിദ്യാർത്ഥികളാണ് സ്കൂളിൽ ഉള്ളത്. അതിനാൽ ശക്തമായ നടപടികൾ സ്വീകരിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ല. സ്കൂളിലെ മൂന്ന് കെയർ ടേക്കർമാർ സമരം ചെയ്യുന്നു. അതിനാൽ സ്കൂളിൽ മാലിന്യ പ്രശ്നം രൂക്ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

