ഡബ്ലിൻ: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിൽ നടപടി സ്വീകരിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രസിഡന്റ് കാതറിൻ കനോലി. കസാഖ്സ്ഥാനിലെ സ്ക്രീഗനിലെ പ്ലോവിംഗ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കനോലി. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ലോകം മൊത്തം കടുത്ത ചൂടിലൂടെ കടന്ന് പോകുന്നതിനിടെയാണ് ഈ വർഷത്തെ ചാമ്പ്യൻഷിപ്പുകൾ നടക്കുന്നത് എന്നത് തീർത്തും ദൗർഭാഗ്യകരമാണെന്ന് കനോലി പ്രതികരിച്ചു.
ഏഴ് വർഷങ്ങൾക്ക് മുൻപ് കാലാവസ്ഥാ, ജൈവവൈവിധ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിൽ നമ്മൾ മുൻപന്തിയിലായിരുന്നു. എന്നാൽ ഇതോടൊപ്പം ഇതിനെ മറികടക്കണമെന്ന പ്രതിബദ്ധതയും ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. പലരുടെയും ജീവിതത്തെയും ഉപജീവനമാർഗ്ഗത്തെയും വരൾച്ച ബാധിച്ചിട്ടുണ്ടെന്നകാര്യത്തിൽ സംശയമില്ലെന്നും കനോലി പറഞ്ഞു.

