ഡബ്ലിൻ: അയർലൻഡിലെ റെവല്യൂട്ട് ഉപഭോക്താക്കളുടെ വിവരങ്ങൾ ഇപ്പോൾ തട്ടിപ്പുകാരുടെ കൈകളിലാണ്. ഇതുപയോഗിച്ച് ഇവർ തട്ടിപ്പിന് ശ്രമവും ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. തട്ടിപ്പുകാർ നിങ്ങളെയും ലക്ഷ്യമിട്ടാൽ അതിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് നോക്കാം.
തട്ടിപ്പുകാർ ഒടിപിയോ മറ്റ് വിവരങ്ങളോ ആവശ്യപ്പെട്ട് സന്ദേശം അയച്ചിട്ടുണ്ടെങ്കിൽ ഉടനെ ആപ്പ് വഴി അധികൃതരെ നേരിട്ട് ബന്ധപ്പെടാം. അക്കൗണ്ടിലെ ചാറ്റ്സ് എന്ന ഓപ്ഷൻ ഇതിനായി ഉപകരിക്കും. ഉടനെ തന്നെ ബയോമെട്രിക് ലോഗ് ഇൻ സജീവമാക്കുന്നത് നന്നായിരിക്കും. റെവല്യൂട്ടുമായി ബന്ധപ്പെട്ടുള്ള അറിയിപ്പുകൾ സജീവമാക്കുന്നതിനായി നോട്ടിഫിക്കേഷൻ ഓൺ ചെയ്തിടേണ്ടതാണ്. റെവല്യൂട്ടിന്റെ പേരിൽ വരുന്ന മെയിലുകളിലെ ലിങ്കുകളിൽ കയറുന്നത് ഒഴിവാക്കുക. പകരം ആപ്പുകളുടെ സഹായം തേടുക. കോളുകൾ, സന്ദേശങ്ങൾ എന്നിവയോട് പ്രതികരിക്കാതിരിക്കുക. ബാങ്ക് വിവരങ്ങൾ അടിയ്ക്കടി പരിശോധിക്കുക.

