ഡബ്ലിൻ: ബസ് കണക്ട്സിന്റെ റൂട്ട് ഭേദഗതി ചെയ്യുമെന്ന് അറിയിച്ച് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി (എൻടിഎ). യാത്രികരിൽ നിന്നും വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ഡബ്ലിനിലെ റൂട്ടിലാണ് മാറ്റം വരുത്തുക.
ഒരു മാസം മുൻപാണ് ഇവിടെ ബസ്കണക്ട്സ് സേവനങ്ങൾ ആരംഭിച്ചത്. പടിഞ്ഞാറൻ ഡബ്ലിനിലെ ലിഫി വാലിയിൽ നിന്ന് മെറിയോൺ സ്ക്വയറിലേക്ക് നേരത്തെ ഉണ്ടായിരുന്ന സർവ്വീസിന് പകരം എന്ന തരത്തിലായിരുന്നു ബസ്കണക്ടസിന്റെ സേവനം ആരംഭിച്ചത്. എന്നാൽ പുതിയ സർവ്വീസ് ചാപ്പലിസോഡ്, ഹൈ സ്ട്രീറ്റ്, സൗത്ത് ഗ്രേറ്റ് ജോർജ് സ്ട്രീറ്റ് എന്നിവ വഴി കടന്നുപോകുന്നുണ്ട്. തിരക്കുള്ള സമയങ്ങളിൽ ബസിൽ യാത്ര ചെയ്യുന്നവർക്ക് ഒരുപാട് സമയം നഷ്ടമാകും. മാത്രവുമല്ല സർവ്വീസുകൾ റദ്ദാക്കുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ഇതോടെ യാത്രികർ വ്യാപകമായി പരാതിപ്പെടുകയായിരുന്നു.

