ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശം നേടുന്നതിൽ പരാജയപ്പെട്ട് മരിയ സ്റ്റീൻ. രണ്ട് പേരുടെ നാമനിർദ്ദേശങ്ങൾ കൂടി നേടാൻ കഴിയാതിരുന്നതോടെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന മരിയയുടെ ആഗ്രഹം വിഫലമായത്. 18 പേരുടെ പിന്തുണ മാത്രമാണ് മരിയയ്ക്ക് ലഭിച്ചത്. അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാമനിർദ്ദേശം സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് 12 മണിയോടെ അവസാനിച്ചു.
ഇന്ന് രാവിലെ 11 മണിയ്ക്ക് നാമനിർദ്ദേശം നൽകുന്നതിനായി മരിയ സ്റ്റീൻ കസ്റ്റം ഹൗസിന്റെ അനുമതി വാങ്ങിയിരുന്നു. എന്നാൽ രണ്ട് ടിഡിമാരുടെ നാമനിർദ്ദേശം കൂടി വാങ്ങിയെടുക്കാനുള്ള ശ്രമം വിഫലമാകുകയായിരുന്നു. നിലവിൽ മൂന്ന് സ്ഥാനാർത്ഥികളാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള മത്സര രംഗത്ത് ഉള്ളത്. ഫിൻ ഗെയ്ലിന്റെ ഹെതർ ഹംഫ്രീസ്, സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി, ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിൻ എന്നിവരാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുക.

