മുംബൈ: സ്പിന്നർമാരുടെ തേരോട്ടം കണ്ട മൂന്നാം ടെസ്റ്റിൽ രവീന്ദ്ര ജഡേജയുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ന്യൂസിലൻഡിനെ രണ്ടാം ഇന്നിംഗ്സിൽ പ്രതിരോധത്തിലാക്കി ഇന്ത്യ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എന്ന നിലയിലാണ് സന്ദർശകർ. ആദ്യ ഇന്നിംഗ്സിൽ 5 വിക്കറ്റ് പ്രകടനം നടത്തിയ ജഡേജ രണ്ടാം ഇന്നിംഗ്സിൽ 4 കിവി വിക്കറ്റുകൾ പിഴുതു. അശ്വിൻ 3 വിക്കറ്റുമായി ഉറച്ച പിന്തുണ നൽകിയപ്പോൾ വാഷിംഗ്ടൺ സുന്ദറിനും ആകാശ്ദീപിനും ഓരോ വിക്കറ്റ് ലഭിച്ചു. അവസാന വിക്കറ്റ് മാത്രം കൈയ്യിലിരിക്കെ ന്യൂസിലൻഡ് ഇപ്പോഴും 143 റൺസിന് മുന്നിലാണ്.
നേരത്തേ കിവീസ് സ്പിന്നർ അജാസ് പട്ടേലിന് മുന്നിൽ ഇന്ത്യൻ താരങ്ങൾ കവാത്ത് മറന്നപ്പോൾ, അർദ്ധ സെഞ്ച്വറികളുമായി പൊരുതിയ ശുഭ്മാൻ ഗില്ലും ഋഷഭ് പന്തുമാണ് ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ ലീഡിലേക്ക് എത്തിച്ചത്. 60 റൺസുമായി പന്ത് മടങ്ങിയപ്പോൾ സെഞ്ച്വറിക്ക് 10 റൺസ് അകലെ അജാസ് പട്ടേലിന്റെ പന്തിൽ ഡാരിൽ മിച്ചലിന് ക്യാച്ച് നൽകിയാണ് ഗിൽ കൂടാരം കയറിയത്. ഒന്നാം ഇന്നിംഗ്സിൽ ന്യൂസിലൻഡ് 235 റൺസിന് പുറത്തായപ്പോൾ ഇന്ത്യ 263 റൺസ് നേടി. അജാസ് പട്ടേലിന് അഞ്ച് വിക്കറ്റുകൾ ലഭിച്ചു
ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിംഗ്സിൽ 51 റൺസെടുത്ത വിൽ യംഗ് ഒഴികെ മറ്റാരെയും നിലയുറപ്പിക്കാൻ ഇന്ത്യൻ സ്പിന്നർമാർ അനുവദിച്ചില്ല. നിലവിൽ 7 റൺസുമായി അജാസ് പട്ടേലാണ് ക്രീസിലുള്ളത്.
നേരത്തേ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച് ന്യൂസിലൻഡ് ടെസ്റ്റ് പരമ്പര സ്വന്തമാക്കി കഴിഞ്ഞു (2-1). ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്ന പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്ക് ഈ മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും കൊണ്ട് മതിയാകില്ല.