മുൻ ഇന്ത്യൻ ക്യാപ്റ്റനും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർക്ക് ജീവിതപങ്കാളിയായി സാനിയ ചന്ദോക്ക് . മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളായ സാനിയ ചന്ദോക്കുമായി അർജുന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ഇരു കുടുംബങ്ങളിലെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു വിവാഹനിശ്ചയം.
25 കാരനായ അർജുൻ, ആഭ്യന്തര ക്രിക്കറ്റിൽ ഗോവയെ പ്രതിനിധീകരിക്കുന്ന ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറാണ്. കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായും കളിച്ചിട്ടുണ്ട്. ഹരിയാനയ്ക്കെതിരായ ടി20 മത്സരത്തിലൂടെയാണ് അർജുൻ അരങ്ങേറ്റം കുറിച്ചത്. അതിനുമുമ്പ്, ജൂനിയർ തലത്തിൽ മുംബൈയെ പ്രതിനിധീകരിച്ച് ഇന്ത്യ അണ്ടർ 19 ടീമിൽ ഇടം നേടി. റെഡ്-ബോൾ ക്രിക്കറ്റിൽ, അർജുൻ 17 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്, ഒരു സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറിയും ഉൾപ്പെടെ 532 റൺസ് നേടിയിട്ടുണ്ട്.
മുംബൈയിലെ ഏറ്റവും പ്രമുഖ ബിസിനസ്സ് കുടുംബങ്ങളിൽ ഒന്നാണ് ഗായ് കുടുംബം . ഇന്റർകോണ്ടിനെന്റൽ ഹോട്ടലും ജനപ്രിയ ഐസ്ക്രീം ബ്രാൻഡായ ബ്രൂക്ലിൻ ക്രീമറിയും ഗായ് കുടുംബത്തിന്റെ സ്വന്തമാണ്. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായങ്ങളിൽ ശക്തമായ സാന്നിധ്യമാണ് ഗായ് . മുംബൈ ആസ്ഥാനമായുള്ള മിസ്റ്റർ പാവ്സ് പെറ്റ് സ്പാ & സ്റ്റോർ എൽഎൽപിയിൽ നിയുക്ത പങ്കാളിയും ഡയറക്ടറുമാണ് സാനിയ ചന്ദോക്.

