ന്യൂഡൽഹി : ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാൻ കരാർ ഒപ്പ് വച്ച് ഇന്തോനേഷ്യ . ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് റിക്കോ റിക്കാർഡോ സിറൈറ്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ-റഷ്യ സർക്കാരുകളുടെ സഹ ഉടമസ്ഥതയിലുള്ള ബ്രഹ്മോസ് കമ്പനി 350 മില്യൺ ഡോളർ (₹32,292 കോടി) വരെ വിലമതിക്കുന്ന കരാറിനായി ഇന്തോനേഷ്യയുമായി ചർച്ചകൾ നടത്തിവരികയായിരുന്നു.
പ്രതിരോധ ശേഷി നവീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് കരാർ എന്ന് റിക്കോ റിക്കാർഡോ സിറൈറ്റ് പറഞ്ഞു. എന്നാൽ വില സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇന്തോനേഷ്യയുടെ സമീപത്തുള്ള തെക്കുകിഴക്കൻ ഏഷ്യൻ അയൽക്കാരനായ ഫിലിപ്പീൻസുമായി 2022 ൽ ഇന്ത്യ ആദ്യ വിദേശ കരാർ ഒപ്പ് വച്ചിരുന്നു.
മിസൈൽ വാങ്ങുന്നതിനായി ഫിലിപ്പീൻസ് 375 മില്യൺ ഡോളറിന്റെ കരാറിലാണ് ഒപ്പുവച്ചത്. ബ്രഹ്മോസ് എയ്റോസ്പേസും ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയവും ഈ പുതിയ കരാറിനെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല, എന്നാൽ കരാർ അന്തിമമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലോകത്തിലെ ഏറ്റവും വേഗതയേറിയതും ഏറ്റവും നൂതനവുമായ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളിൽ ഒന്നായി ബ്രഹ്മോസ് കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആർഡിഒ) റഷ്യയുടെ എൻപിഒ മഷിനോസ്ട്രോയേനിയയും തമ്മിലുള്ള സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്റോസ്പേസാണ് ഇത് വികസിപ്പിച്ചെടുത്തത്.
ഇന്ത്യയുടെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയുടെ മോസ്ക്വ നദിയുടെയും പേരിലാണ് മിസൈലിന് പേര് നൽകിയിരിക്കുന്നത്. ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായി പാകിസ്താനിലേക്ക് ഇന്ത്യ തൊടുത്തത് 15 ബ്രഹ്മോസ് മിസൈലുകളായിരുന്നു. പാകിസ്താന്റെ 11 വ്യോമതാവളങ്ങളിലും കനത്ത നാശം വിതച്ചത് ബ്രഹ്മോസിന്റെ ആക്രമണത്തിലൂടെയാണ്. 300 കിലോമീറ്ററോളം ദൂരത്തില്‍ കൃത്യതയോടെ പ്രഹരിക്കാന്‍ കഴിയുന്ന ആയുധമാണിത്.

