മാസത്തിൽ ഒരിക്കൽ ജോലിത്തിരക്കും പഠനത്തിരക്കും ഒക്കെ മാറ്റി വച്ച് ഒന്ന് ഫ്രഷ് ആകാൻ എവിടെ പോകുമെന്ന് ആലോചിക്കുമ്പോൾ കൊല്ലംകാരന്റെ മനസിലേയ്ക്ക് ഓടിയെത്തുന്ന ഒരു പേര് ഉണ്ട് , പുനലൂർ. കണ്ണിന് കുളിർമയേകുന്ന പച്ചപ്പും , കഥ പറഞ്ഞ് ഇളകി ഒഴുകുന്ന കല്ലടയാറും, ആറിനുകുറുകേ നൂറ്റാണ്ടിന്റെ കഥപറയുന്ന തൂക്കുപാലവും കല്ലട റെയില്പ്പാലവും എല്ലാം ചേരുമ്പോൾ പുനലൂർ ഒരൊന്നൊന്നര റിഫ്രഷ്മെന്റ് പ്ലെയ്സ് തന്നെയാകും.
എങ്കിലും മാർച്ച് , ഏപ്രിൽ മാസങ്ങളിൽ പുനലൂരുകാർ ഇത്തിരി കഷ്ടപ്പെടും. കൊടും ചൂടാണിവിടെ . അതിലും കൂടുതൽ ചൂടിലാണ് ഇന്ന് ഇവിടുത്തെ വോട്ടർമാർ . പുനലൂർ മുനിസിപ്പാലിറ്റിയും പത്തനാപുരം താലൂക്കിൽ ഉൾപ്പെടുന്ന ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂർ, കരവാളൂർ, അഞ്ചൽ, ഇടമുളയ്ക്കൽ എന്നീ പഞ്ചായത്തുകളും അടങ്ങിയ നിയമസഭാമണ്ഡലമാണിത്.
1957 ൽ പി ഗോപാലനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത് . 60 ൽ കെ കൃഷ്ണപിള്ളയും, 1967 ൽ എം എൻ ഗോവിന്ദൻ നായരും, ഇവിടെ നിന്ന് വിജയിച്ചു. 1970 ൽ വീണ്ടും കെ കൃഷ്ണപിള്ള എം എൽ എ ആയി. 1980 ൽ പി കെ ശ്രീനിവാസനും, 82 ൽ സാം ഉമ്മനും മണ്ഡലത്തിന്റെ കൈ പിടിച്ചു.
1984 ൽ വി സുരേന്ദ്രൻ പിള്ളയും, 1987 ൽ ജെ ചിത്തരഞ്ജനും, 1991 ൽ പുനലൂർ മധുവും, 1996 ൽ പി കെ ശ്രീനിവാസനും . 1996 ൽ പി എസ് സുപാലും നിയമസഭയെ പ്രതിനിധീകരിച്ചു.2006 മുതൽ 2016 വരെ കെ രാജുവാണ് ഇവിടെ എം എൽ എ ആയത് . 2021 മുതൽ പി എസ് സുപാലാണ് മണ്ഡലത്തെ നയിക്കുന്നത് .പി.എസ്.സുപാൽ 37057 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലം നിലനിറുത്തിയത്. യു.ഡി.എഫിനായി മത്സരിച്ച മുസ്ലിം ലീഗിലെ അബ്ദുറഹിമാൻ രണ്ടത്താണിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.
പുനലൂരിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ഇത്തവണ സി അജയപ്രസാദാണ്. യുഡിഎഫിനായി മുസ്ലീം ലീഗിന്റെ നൗഷാദ് യൂനുസാണ് പോരിനിറങ്ങിയിരിക്കുന്നത് . എൻ ഡി എ യ്ക്കായി ട്വന്റി20യിലെ അഡ്വ. രഘുനാഥ് കമുകുംചേരിയും രംഗത്തുണ്ട് . തോട്ടം തൊഴിലാളികൾ, കർഷകർ, തമിഴ് വംശജർ എന്നിവരാണിവിടെ രാഷ്ട്രീയഗതിവിഗതികൾ നിശ്ചയിക്കുന്ന പ്രധാന ഘടകം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇടത് കോട്ടയായിരുന്നുവെങ്കിലും, കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണിത് . ഇത്തവണ പുനലൂർ ആര് പിടിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

