ചെറുപ്പം മുതൽ ഒരു പ്രത്യയശാസ്ത്രത്തിൻ കീഴിൽ ജീവിക്കുക. അതിനെ ഉയിരും ഉലകവുമായി കണ്ട് ഒപ്പം നടക്കുക. ആ കൊടി കൈകളിലേന്തി അഭിമാനത്തോടെ തലയുയർത്തി നിൽക്കുക . ഏതൊരു പാർട്ടി പ്രവർത്തകന്റെയും അവകാശവും, ആഗ്രഹവുമൊക്കെയാണിത് . എന്നാൽ ഒരു സുപ്രഭാതത്തിൽ ആ കൊടിയും, പ്രത്യയശാസ്ത്രവും തന്നെ നോക്കി പരിഹസിക്കുന്നതായി തോന്നിയാൽ , ഒറ്റപ്പെടുത്തുന്നതായി മനസിലാക്കിയാൽ ആർക്കായാലും വഴി മാറി നടക്കാൻ തോന്നും . ചിലർ മറ്റൊരു കൊടിയ്ക്ക് കീഴിൽ അഭയം തേടും. മറ്റ് ചിലർ വിശ്വസിച്ച പ്രത്യയശാസ്ത്രത്തെ ഉപേക്ഷിക്കാനാകാതെ സ്വയം സൃഷ്ടിച്ച വേലിക്കെട്ടിൽ ഒതുങ്ങിക്കൂടും. ഇത്തരത്തിൽ കേരള രാഷ്ട്രീയത്തിൽ കൂറുമാറി മറ്റ് കൊടികൾക്ക് കീഴിൽ എത്തിയവർ പുതിയ സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള തന്ത്രങ്ങളും ആരംഭിച്ചു കഴിഞ്ഞു.
ഇത്തവണത്തെ നിയസഭാ തെരഞ്ഞെടുപ്പിൽ ഇത്തരത്തിൽ കൂടുമാറി സ്ഥാനാർത്ഥികളെ തേടുകയാണ് നമ്മൾ . സിപിഎമ്മിലെ തലമുതിർന്ന നേതാവ് , മുഖ്യമന്ത്രിയെ പോലും വിമർശിക്കാൻ കരുത്തുള്ള സഖാവ് അതൊക്കെയായിരുന്നു ഒരുകാലത്ത് ജി സുധാകരൻ . വള്ളീക്കുന്നം സ്കൂളീൽ പത്താം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ജി സുധാകരൻ ആദ്യമായി ചെങ്കൊടി പിടിച്ചത്.
പന്തളം എൻ.എസ്.എസ്. കോളേജിൽ വെച്ചാണ് സുധാകരന്റെ സഹോദരൻ ജി. ഭുവനേശ്വരൻ രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായിരുന്നു. 1977 ഡിസംബർ രണ്ടിനായിരുന്നു ആക്രമണം. ഏഴിന് മരിച്ചു. കാലിൽ തൂക്കിയെടുത്ത് തല നിലത്തിടിക്കുകയായിരുന്നു. കോൺഗ്രസുകാരനായിരുന്ന തന്റെ അച്ഛൻ ഇതോടെ കമ്യൂണിസ്റ്റ് ആശയങ്ങളോടടുത്തതായി സുധാകരൻ പറഞ്ഞിട്ടുണ്ട്. ഈ സംഭവം പിൽക്കാലത്ത് സുധാകരനെയും പാർട്ടിയിൽ എത്തിച്ചു.
എൽ.എൽ.ബി.ക്കു പഠിക്കുന്ന കാലത്ത്അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരേ പ്രകടനം നടത്തിയതിനാണ് ആദ്യമായി ജയിലിലായത്. സെൻട്രൽ ജയിലിൽ കാണാൻ ചെന്നവരിൽ ഇ.എം.എസും എ.കെ.ജി.യുമുണ്ടായിരുന്നു . തുടർന്നാണ് ആലപ്പുഴയിൽ പാർട്ടി പ്രവർത്തനത്തിൽ സക്രിയമായത്. ആദ്യം ആലപ്പുഴ നഗരസഭാ പ്രതിപക്ഷ നേതാവായി. തുടർന്ന് പ്രഥമ ജില്ലാ കൗൺസിൽ പ്രസിഡന്റ്. നാലുതവണ എം.എൽ.എ.യായി. അതിൽ രണ്ടുതവണ മന്ത്രിയും.ഉദ്യോഗസ്ഥരെ വരച്ചവരയിൽ നിർത്തുന്ന മന്ത്രി. മനസ്സിലുള്ളതു തുറന്നുപറയാൻ ആരെയും ഭയക്കാത്തയാൾ ഇങ്ങനെ വിശേഷണങ്ങളേറെയുണ്ട് സുധാകരന് .
എന്നിട്ടും പാർട്ടിയുമായി സുധാകരൻ അകന്നു. പാർട്ടി നേതാക്കൾ തന്നെ അവഗണിക്കുന്നുവെന്ന് തുറന്നു പറഞ്ഞു. ഒടുവിൽ അമ്പത് വർഷത്തിലേറെ നീണ്ട ചെങ്കൊടി ബന്ധം അറുത്തു മുറിച്ചു. ഇന്ന് അമ്പലപ്പുഴയിലെ സ്വതന്ത്രസ്ഥാനാർത്ഥിയാണ് സുധാകരൻ. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര്യൻ. ഇക്കുറി വിജയം തനിക്കൊപ്പമണെന്ന് സുധാകരൻ ഉറപ്പിച്ചു പറയുന്നു. ദരിദ്രബാല്യം രൂപപ്പെടുത്തിയ കമ്യൂണിസ്റ്റാണ് സുധാകരൻ അത്രപ്പെട്ടെന്ന് വാടിപ്പോകില്ല.
ഐഷാപ്പോറ്റിയും ഇത്തത്തിൽ കൂട് മാറിയ എത്തിയ കമ്യൂണിസ്റ്റ് നേതാവാണ് . കൊട്ടാരക്കരയുടെ അതികായനായിരുന്ന ബാലകൃഷ്ണപിള്ളയെ വീഴ്ത്തിയ ഐഷാപോറ്റി ഇന്ന് യുഡിഎഫ് സ്ഥാനാർത്ഥിയാണ് . തന്നെ ആവശ്യമില്ലാത്ത പാർട്ടിയെ തനിക്കും ആവശ്യമില്ലെന്ന് പറഞ്ഞ് തിരിച്ചു നടന്ന നേതാവാണ് ഐഷാപോറ്റി.
സിപിഎം വിട്ട് കോണ്‍ഗ്രസിനൊപ്പം എത്തിയ ഐഷ പോറ്റിയെ കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നതില്‍ വിയോജിച്ചാണ് ആർ രശ്മി പാര്‍ട്ടി വിട്ടത് . വന്ന് കയറിയത് ബിജെപിയിൽ . ഇരുകയ്യും നീട്ടി സ്വീകരിച്ചു. പാർട്ടി സീറ്റിൽ സ്ഥാനാർത്ഥിയുമാക്കി. ഇന്ന് കൊട്ടാരക്കരയി രശ്മിയ്ക്ക് നേരിടേണ്ടി വരുന്നത് ഐഷാപോറ്റിയെയും , കെ എൻ ബാലഗോപാലിനെയുമാണ്.
സിപിഎം നേതാവായിരുന്ന ജി സുധാകരന് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ചാണ് കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് പാർട്ടി വിട്ടത്. 52 വർഷത്തെ കോൺഗ്രസ് ബന്ധമാണ് ജോബ് ഉപേക്ഷിച്ചത്. ബിജെപി അംഗത്വം സ്വീകരിച്ച ജോബിനെ പാർട്ടി ആലപ്പുഴയിൽ സ്ഥാനാർത്ഥിയാക്കുകയും ചെയ്തു.
നാട്ടികയിൽ ഗീതാ ഗോപി സ്ഥാനാർഥിയെന്നു സിപിഐ പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഐ ഇതു പേയ്മെന്റ് സീറ്റാക്കിയെന്ന ഗുരുതര ആരോപണം ഉന്നയിച്ചാണ് നിലവിലെ എം എൽ എ ആയിരുന്ന സി സി മുകുന്ദൻ പാർട്ടി വിട്ടത് . എത്തിയത് ബിജെപിയിലേയ്ക്ക് തന്നെ. ഇപ്പോൾ നാട്ടികയിലെ എൻ ഡി എ സ്ഥാനാർത്ഥിയാണ് മുകുന്ദൻ.
വർക്കലയിൽ സിപിഎം ഏരിയ കമ്മിറ്റി അംഗവും മുൻ വർക്കല ബ്ലോക്ക് പ്രസിഡൻ്റായിരുന്ന സ്മിത സുന്ദരേശൻ പദവി രാജി വച്ചാണ് ബിജെപിയിൽ ചേർന്നത് . പിന്നാലെ വർക്കലയിലെ എൻ ഡി എ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതും സ്മിത സുന്ദരേശനെ തന്നെ. മോദിയുടെ വികസനം ആകർഷിച്ചതുകൊണ്ടാണ് ബിജെപിയിലേക്കെത്തിയതെന്ന് സ്മിത പറഞ്ഞിരുന്നു.
സങ്കോചം കൂടാതെ മറ്റൊരു പ്രത്യയശാസ്ത്രത്തിൻ കീഴിൽ എത്തുന്ന രാഷ്ട്രീയക്കാരെ അമ്പരന്നിരിക്കുകയാണ് വോട്ടർമാർ . ഒരു കാലത്ത് പരസ്പരം പഴിചാരിയവർ, ചെളിവാരിയെറിഞ്ഞവർ ഇന്ന് കൈകോർത്ത് കുശലം പറയുന്നു, കെട്ടിപ്പിടിക്കുന്നു. അപ്പോൾ ശരിയ്ക്കും ആരാണ് വിഡ്ഡികളായതെന്നാണ് വോട്ടർമാരുടെ ചോദ്യം.ഉത്തരവും നമ്മൾ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു.

