കൊല്ലത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മണ്ഡലങ്ങളിലൊന്നാണ് ഇരവിപുരം . കൊല്ലം ജില്ലയിൽ ആർഎസ്പിയുടെ കുത്തക മണ്ഡലങ്ങളിൽ ഒന്ന് . തിരഞ്ഞെടുപ്പ് ചരിത്രത്തിൽ 9 തവണയും ആർഎസ്പി പ്രതിനിധികളെ നിയമസഭയിൽ എത്തിച്ച മണ്ഡലമാണിത്. കൊല്ലം നഗരസഭയുടെ 14,15 വാർഡുകളും 20 മുതൽ 41 വരെയുമുള്ള വാർഡുകളും കൊല്ലം താലൂക്കിൽ ഉൾപ്പെടുന്ന മയ്യനാട് എന്ന പഞ്ചായത്തും ചേർന്നതാണ് ഇരവിപുരം നിയമസഭാമണ്ഡലം.
1957ലെ ആദ്യ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സിപിഐയുടെ പി രവീന്ദ്രനാണ് ഇരവിപുരത്ത് നിന്ന് വിജയിച്ചത്. 1970 വരെ അദ്ദേഹം വിജയം ആവർത്തിച്ചു. എന്നാൽ 1977ലെ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ രാഷ്ട്രീയം മാറി. തൊഴിലാളികൾക്കിടയിൽ ആർഎസ്പി വലിയ സ്വാധീന ശക്തിയായി മാറിയിരുന്നു. അഞ്ചാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച ആർഎസ്പിയുടെ ആർ.എസ് ഉണ്ണി മണ്ഡലത്തിൽ വിജയിച്ചു.1980, 1982 വർഷങ്ങളിലും ഉണ്ണി വിജയം ആവർത്തിച്ചു. 1987 ൽ ആർഎസ്പിയുടെ വി.പി രാമകൃഷ്ണ പിള്ള വിജയിച്ചു.
1991ൽ മുസ്ലിം ലീഗിന്റെ കെ.കെ ബാവ മണ്ഡലത്തിൽ വിജയിച്ചു. 1996 ൽ വി.പി രാമകൃഷ്ണ പിള്ള മണ്ഡലം തിരിച്ചു പിടിച്ചു. 2001 മുതൽ 2016 വരെ ആർ എസ് പി എ എ അസീസിലൂടെ മണ്ഡലത്തിൽ കോട്ട കെട്ടി.2021 ൽ എൽ ഡി എഫിന്റെ നൗഷാദ് ഇരവിപുരത്ത് ജയിച്ചു കയറി. സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ഏറെ സ്വാധീനമുള്ള മണ്ഡലം പക്ഷേ, മുന്നണി സംവിധാനത്തില്‍ എന്നും മണ്ഡലം ആര്‍എസ്പിക്കാണ് മുൻ തൂക്കം നല്‍കിയത്.
ഇത്തവണയും ഇരവിപുരത്ത് നൗഷാദ് തന്നെയാണ് എൽ ഡി എഫിന്റെ അമരക്കാരൻ. യുഡിഎഫിനായി ആർവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ.വിഷ്ണു മോഹനാണ് മത്സരിക്കുന്നത് . എൻ ഡി എയ്ക്കായി സജി ഡി ആനന്ദും മത്സരരംഗത്തുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി മുന്നണി സമവാക്യങ്ങൾ മാറിമറിയുകയാണ് ഇരവിപുരത്ത്. വികസനത്തിനൊപ്പം, ജാതീയ സമവാക്യങ്ങളും ഇവിടെ നിർണ്ണായകമാണ്. മണ്ഡലം ഇത്തവണയും തങ്ങൾക്കൊപ്പമാകുമെന്ന പ്രതീക്ഷയിലാണ് എൽ ഡി എഫ് , കോട്ട വീണ്ടും പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ആർ എസ് പി. താമര വിരിയിക്കാനുള്ള ശ്രമത്തിലാണ് എൻ ഡി എ . ഇരവിപുരം മഷി പുരട്ടുന്നത് ആർക്കാണെന്ന് അറിയാൻ കാത്തിരിക്കാം.

