പെർത്ത്: നിർണായകമായ ബോർഡർ ഗാവസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 150 റൺസിന് പുറത്തായി. 41 റൺസെടുത്ത പുതുമുഖം നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 37 റൺസെടുത്ത ഋഷഭ് പന്തും 26 റൺസെടുത്ത രാഹുലും ഒഴികെ മറ്റൊരു ഇന്ത്യൻ ബാറ്റ്സ്മാനും രണ്ടക്കം കടന്നില്ല.
പരമ്പരാഗതമായി പേസിനെ തുണയ്ക്കുന്ന പെർത്തിൽ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തത് മുതൽ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. യശസ്വി ജയ്സ്വാളും പിന്നാലെ വന്ന മലയാളി താരം ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് മടങ്ങി. 12 പന്തുകൾ നേരിട്ട കോഹ്ലി 5 റൺസുമായി കൂടാരം കയറി. ലഞ്ചിന് പിരിയുമ്പോൾ 4ന് 51 എന്ന നിലയിലായിരുന്നു ഇന്ത്യ. 4 വിക്കറ്റെടുത്ത ജോഷ് ഹെയ്സല്‍വുഡും 2 വിക്കറ്റുകൾ വീതം പങ്കിട്ടെടുത്ത സ്റ്റാർക്കും കമ്മിൻസും മിച്ചൽ മാർഷും ചേർന്നാണ് ഇന്ത്യയെ ചുരുട്ടിക്കൂട്ടിയത്.
വ്യക്തിപരമായ കാരണങ്ങളാൽ മത്സരത്തിൽ നിന്നും വിട്ടുനിൽക്കുന്ന രോഹിത് ശർമ്മയുടെ അഭാവത്തിൽ ജസ്പ്രീത് ബൂമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. അന്താരാഷ്ട്ര ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ പരമ്പരയിൽ മികച്ച വിജയം ഇന്ത്യക്ക് അനിവാര്യമാണ്.