കൊളംബോ ; ശ്രീലങ്കയുടെ പരമോന്നത സിവിലിയൻ പുരസ്ക്കാരം ‘മിത്ര വിഭൂഷൺ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് . ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാർ ദിസനായകെയാണ് പുരസ്ക്കാരം മോദിക്ക് സമ്മാനിച്ചത് . ബഹുമതി സ്വീകരിച്ച മോദി ശ്രീലങ്കൻ പ്രസിഡൻ്റ് ദിസനായകെയോട് നന്ദി പറയുകയും പുരസ്ക്കാരം 140 കോടി ഇന്ത്യക്കാർക്ക് സമർപ്പിക്കുകയും ചെയ്തു.
“ഇത് ശ്രീലങ്കയിലെയും ഇന്ത്യയിലെയും ജനങ്ങൾ തമ്മിലുള്ള ചരിത്രപരമായ ബന്ധവും ആഴത്തിലുള്ള സൗഹൃദവുമാണ് കാണിക്കുന്നത്. ഈ ബഹുമതിക്ക് ശ്രീലങ്കൻ പ്രസിഡൻ്റിനും ശ്രീലങ്കൻ സർക്കാരിനും ശ്രീലങ്കയിലെ ജനങ്ങൾക്കും ഞാൻ നന്ദി പറയുന്നു . മിത്രവിഭൂഷൺ പുരസ്കാരം ലഭിച്ചതിൽ അഭിമാനമുണ്ട്. ഈ മെഡൽ ഇന്ത്യ-ശ്രീലങ്ക ബന്ധത്തിൻ്റെ ആഴം പ്രതിഫലിപ്പിക്കുന്നു. ഈ ബഹുമതി എൻ്റെ മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ കൂടി ബഹുമതിയാണ്. ശ്രീലങ്ക നമ്മുടെ അയൽ രാജ്യം മാത്രമല്ല, നമ്മുടെ പരമ്പരാഗത സുഹൃത്ത് കൂടിയാണ് . ഇന്ത്യയും ശ്രീലങ്കയും സമാനമായ സുരക്ഷാ താൽപ്പര്യങ്ങൾ പങ്കിടുന്നു. സൗഹൃദ രാജ്യങ്ങളെയാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്“ – അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിക്ക് ഒരു വിദേശ രാജ്യം നൽകുന്ന 22-ാമത് അന്താരാഷ്ട്ര അവാർഡാണിത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളുടെയും സാംസ്കാരികവും ആത്മീയവുമായ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അസാധാരണമായ ശ്രമങ്ങൾ പരിഗണിച്ചാണ് പ്രധാനമന്ത്രി മോദിയെ ആദരിച്ചത്.

