സുനീഷ് വി ശശിധരൻ
എഴുത്തുകാരനും കോളേജ് പ്രൊഫസറുമായ അനിലേഷ് അനുരാഗ് എഴുതി, 2023ൽ ഐവറി ബുക്സ് പ്രസിദ്ധീകരിച്ച ഭീതികഥകളുടെ സമാഹാരമാണ് ‘ഭയങ്കുരം‘. വായനക്കാരനെ ഒരേസമയം ഭീതിയുടെയും ആകാംക്ഷയുടെയും നിഗൂഢരസതന്ത്രത്തിൽ നിലനിർത്തുക എന്ന ധർമ്മം നിർവ്വഹിക്കുന്ന കഥകളെയാണ് ഭീതികഥകൾ എന്ന് വിശേഷിപ്പിക്കാറുള്ളത്. അത്തരത്തിൽ വിലയിരുത്തിയാൽ, എണ്ണം പറഞ്ഞ എട്ട് ഭീതികഥകളാണ് ‘ഭയങ്കുരം‘ എന്ന ഈ സമാഹാരത്തിൽ എഴുത്തുകാരൻ ഉൾപ്പെടുത്തിയിട്ടുള്ളത്. അപൂർവ്വ ഭീതിയുടെ എട്ട് ആഖ്യാനങ്ങൾ എന്ന ലഘു വിവരണമാണ് പുസ്തകത്തിന്റെ വിശേഷണമായി അദ്ദേഹം ചേർത്തിരിക്കുന്നത്.
ഐതിഹ്യങ്ങളും വിശ്വാസങ്ങളും അനുഭവവിവരണങ്ങളും ഭാവനയും വേർതിരിച്ചെടുക്കാൻ കഴിയാത്തവിധം ഇഴചേർന്ന് കിടക്കുന്ന ഗ്രാമീണഭൂമികയാണ് ഭയങ്കുരത്തിലെ പ്രധാന കഥകളുടെ പശ്ചാത്തലം. കാലം തെറ്റി പെയ്ത പെരുമഴയിൽ നനഞ്ഞ് കുതിർന്ന് കിടക്കുന്ന നാട്ടിടവഴികളിലെ നിശ്ശബ്ദസന്ധ്യകളിൽ, വൈദ്യുതിവിളക്കുകൾ കൂടി കെട്ടുപോകുന്നതോടെ അരിച്ചുകയറുന്ന നിർവ്വികാരമായ തണുപ്പിനൊപ്പം പടർന്നുകയറുന്ന ഭീതിയുടെ കിനാവള്ളികൾ. അവിടങ്ങളിലെ അസമയങ്ങളിൽ അപ്രതീക്ഷിതമായി അകപ്പെട്ട്, ഒറ്റപ്പെട്ട് പോകുന്ന നിർദ്ദോഷ ജന്മങ്ങൾ. ഭയം എന്ന വികാരം ബോധാബോധങ്ങളിൽ വരച്ചിടുന്ന ചലന ചിത്രങ്ങളിൽ തങ്ങൾ പോലുമറിയാതെ സ്വയം കഥാപാത്രങ്ങളായി മാറുന്നവരുടെ മനോവ്യാപാരങ്ങൾ.
യാഥാർത്ഥ്യത്തിന്റെ ലോകത്തിലേക്കുള്ള അനിവാര്യമായ മടങ്ങിവരവിൽ അവർ തങ്ങൾക്ക് ചുറ്റും സാകൂതം കാതുകൂർപ്പിക്കുന്നവരിലേക്ക് സന്നിവേശിപ്പിക്കുന്ന ഭീതിയുടെ നൈരന്തര്യം. സമ്പൂർണ്ണമായും എഴുത്തുകാരന്റെ ഭാവനയിൽ വിരിയുന്ന ഹൊറർ കഥകൾ എന്ന പൊതുവിഭാഗത്തിൽ നിന്നും ഭയങ്കുരത്തെ വ്യത്യസ്തമാക്കുന്നത്, നിർമ്മിത യാഥാർത്ഥ്യത്തിന്റേതായ ഈ ഒരു ചട്ടക്കൂടാണ്. ഭീതിയുടെ വിഭിന്ന ഭൂമികകളിലൂടെ സഞ്ചരിച്ച് ഒടുവിൽ ഭയം അതിന്റെ പരകോടിയിൽ അനുഭവിച്ച ശേഷം, കഥ തീർന്നല്ലോ എന്ന് ആശ്വാസം കൊള്ളുമ്പോൾ, ബ്രായ്ക്കറ്റിൽ വരുന്ന ലേഖകന്റെ കുറിപ്പ്; “ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് ഒരു സന്ധ്യക്ക്, തറവാട്ടുവീട്ടിൽ നിന്ന് കേട്ട, ഇളയച്ഛന്റെ അനുഭവസാക്ഷ്യം.“ പുല്ലഞ്ചേരിയിലെ പൂച്ച എന്ന കഥ ശരിക്കും വായനക്കാരന്റെ മനസ്സിനെ ഭയപ്പെടുത്താൻ പോകുന്നത് ഈ വാക്യശകലം വായിച്ച ശേഷം ബുക്ക് മടക്കുമ്പോഴാണ്. അവസാന രംഗത്തിന് ശേഷം, ആശ്വാസത്തോടെ സീറ്റ് വിട്ട് എഴുന്നേൽക്കുമ്പോൾ ‘The Conjuring’ എന്ന ചിത്രത്തിന്റെ ടെയിൽ എൻഡിൽ കാണിക്കുന്ന യഥാർത്ഥ ചിത്രങ്ങളും, Based on true events എന്ന പിൻകുറിപ്പും സമ്മാനിക്കുന്ന, യഥാർത്ഥ ഭീതിയെ അവിടെ നിന്നും കൂടെ കൂട്ടുന്ന ഒരുതരം വിഹ്വലതയുടെ മരവിപ്പും ഉൾക്കിടിലവും.
അമ്മയുടെ അനുഭവസാക്ഷ്യം എന്ന പിൻകുറിപ്പിൽ അവസാനിക്കുന്ന, തീ പുരണ്ട ചൂണ്ടുവിരൽ എന്ന കഥ, വായനക്കാരന് സമ്മാനിക്കുന്നത് ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഭീതി കലർന്ന അസ്വസ്ഥതയാണ്. സ്വാനുഭവത്തിലെ സമാന രംഗങ്ങൾ ഒക്കെയും ഉള്ളിൽ തികട്ടി വരുന്ന തരത്തിൽ, വാക്കുകൾ കൊണ്ട് കഥാകൃത്ത് വരച്ചിടുന്ന ചിത്രങ്ങളിൽ, Wuthering Heights പോലെ ആംഗലേയ സാഹിത്യത്തിലെ ക്ലാസിക് സാഹിത്യസൃഷ്ടികളുടെ സ്വാധീനം വ്യക്തമാണ്.
തനുകുവിലെ ഗൂഢയാമങ്ങൾ, തളങ്കരയിലെ മരക്കോണി എന്നീ കഥകളിലും സമാനമായ രചനാശൈലി തന്നെയാണ് എഴുത്തുകാരൻ പിന്തുടരുന്നത്. എന്നാൽ, ‘ഉയിരിൽച്ചുറ്റിയ മുൾച്ചെടിക്കാട്‘ എന്ന കഥയിലെത്തുമ്പോൾ ഭയം എന്ന വികാരം അനുവാചകനെ ഏറ്റവും ഭീകരമായ വായനാനുഭവത്തിലേക്ക് എത്തിക്കുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു തിരുവനന്തപുരം യാത്രയ്ക്കിടെ രാത്രിയിൽ പരിചയപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർ ചേട്ടൻ പറഞ്ഞ അനുഭവകഥയുമായി വീട്ടിൽ ചെന്നുകയറി, കഥ കേൾക്കാൻ വട്ടം കൂടിയ ബാല്യങ്ങളെ ദിവസങ്ങളോളം വിറപ്പിച്ച് നിർത്തിയതിന്റെ പേരിൽ കേട്ട സ്നേഹപൂർവ്വമായ ശകാരങ്ങൾ ഒരു സുഖമുള്ള ഓർമ്മയായി മനസ്സിലേക്ക് കടന്നുവരാൻ കാരണമായെങ്കിലും, ഈ കഥ വിതച്ച ഭയത്തിന്റെ അന്തരീക്ഷം വിവരണാതീതമാണ്.
വടക്കന്റെ കലർപ്പില്ലാത്ത പുരാവൃത്തബോധം ദ്യോതിപ്പിക്കുന്ന ‘മാൻകണ്ണിട്ടെഴുതിയ രക്ഷകൻ‘, ‘മാംസത്തിൽ കൊരുത്ത ചൂണ്ട‘ എന്നീ കഥകൾ ഭീതിയ്ക്കപ്പുറം തെളിയുന്ന ആശ്വാസത്തിന്റെ നിശ്വാസങ്ങൾ സമ്മാനിക്കുമ്പോൾ, ‘സുള്ള്യയിലെ ദുരൂഹഭൂമിക‘ കൈകാര്യം ചെയ്യുന്നത് ഒരു നൊവെല്ല പോലെ വിശാലമായ കഥാപശ്ചാത്തലമാണ്.
ഭയപ്പെടുത്തുക, ഭയത്തിന് യാഥാർത്ഥ്യത്തിന്റെ മനപ്പൂർവ്വമല്ലാത്ത ചട്ടക്കൂട് നൽകുക എന്നതിനപ്പുറം, കഥാകൃത്തിന്റെ പാശ്ചാത്യ സാഹിത്യത്തിലുള്ള അവഗാഹം കൂടി വ്യക്തമാക്കുന്ന ട്രീറ്റ്മെന്റാണ് ഭയങ്കുരത്തിലെ ഓരോ കഥകളിലും കാണാൻ സാധിക്കുന്നത്. ഷോർട്ട് ഫിലിം, വെബ് സീരീസ്, സിനിമ എന്നിവയിലേക്കുള്ള സാധ്യതകൾ നിശ്ചയമായും നിലനിൽക്കുമ്പോഴും, ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടാൽ വലിയ തോതിൽ ആഘോഷിക്കപ്പെടാനുള്ള ഉള്ളടക്കമുള്ള കഥകളാണ് ഭയങ്കുരത്തിലേത്. ഹൊറർ, ത്രില്ലർ കഥകൾ ഇഷ്ടപ്പെടുന്നവരെ തീർച്ചയായും തൃപ്തിപ്പെടുത്തും എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുമെങ്കിലും, മേൽപ്പറഞ്ഞ ഗണങ്ങൾക്കപ്പുറം ‘ഭീതികഥകൾ‘ എന്ന തനത് വിഭാഗത്തോട് നൂറ് ശതമാനം കൂറ് പുലർത്തുന്ന സൃഷ്ടിയാണ് അനിലേഷ് അനുരാഗിന്റെ ‘ഭയങ്കുരം.‘