കൊച്ചി : കൊച്ചിയിലെ സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ ക്രൂരമായ തൊഴില്‍ പീഡനം നടന്നെന്ന ആരോപണം ശരിയല്ലെന്ന് ജില്ലാ ലേബര്‍ ഓഫീസറും പെരുമ്പാവൂര്‍ പൊലീസും. പുറത്താക്കിയ ജീവനക്കാരന്റെ പ്രതികാരമാണ് ദൃശ്യങ്ങളായി പുറത്ത് വന്നതെന്ന് ദൃശ്യങ്ങളില്‍ കാണുന്ന യുവാവ് പൊലീസിനോടും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരോടും പറഞ്ഞു. .
കഞ്ചാവിന് അടിമയായ മനാഫ് എന്ന ജീവനക്കാരന് മാസങ്ങള്‍ക്കു മുമ്പ് നിര്‍ബന്ധിച്ച് ചിത്രീകരിച്ചതാണ് വീഡിയോ. സ്ഥാപന ഉടമയെ മോശക്കാരനാക്കാനായി ഇപ്പോള്‍ തന്റെ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും യുവാവ് മൊഴി നല്കി്
കഴുത്തില്‍ ബെല്‍റ്റ് കെട്ടി നായയെ പോലെ യുവാവിനെ കാല് മുട്ടില്‍ നടത്തിക്കുന്ന ദൃശ്യങ്ങളാണ് തൊഴില്‍പീഡനമെന്ന ആരോപണത്തോടെ പുറത്തു വന്നത്. സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനം ടാര്‍ജറ്റ് നേടാത്ത ചെറുപ്പക്കാരെ ഇത്തരത്തില്‍ ശിക്ഷിക്കുന്നെന്നാണ് ആരോപണം ഉയര്‍ന്നത്.
കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷന് പരിധിയിലെ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സ് എന്ന സ്ഥാപനത്തിനും ഇവരുടെ പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന ഡീലര്‍ഷിപ്പ് സ്ഥാപനമായ കെല്‍ട്രോകോപ്പിനുമെതിരെയാണ് ആരോപണമുണ്ടായത്
എന്നാൽ മനാഫിനെ നേരത്തെ തന്നെ സ്ഥാപന ഉടമ പുറത്താക്കിയിരുന്നെന്നും താന്‍ ഇപ്പോഴും സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും യുവാവ് പറഞ്ഞു. അടുത്ത ദിവസം വിശദമായ റിപ്പോര്‍ട്ട് തൊഴില്‍ വകുപ്പ് മന്ത്രിക്ക് നല്‍കുമെന്ന് തൊഴില്‍ വകുപ്പ് ജില്ലാ ഓഫിസര്‍ അറിയിച്ചു.