വിക്ലോ: പുതിയ ഫുഡ് ഡെലിവറി സേവനം ആരംഭിച്ച് മാക്സോൾ. ഐറിഷ് ഉടമസ്ഥതയിലുള്ള ബിസിനസ്സ് റെസ്റ്റോറന്റ് പ്ലാറ്റ്ഫോമായ നോഹസുമായി സഹകരിച്ചാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. തുടക്കത്തിൽ ഡബ്ലിനിലെ ഡൊണബേറ്റ്, ലോംഗ് മൈൽ റോഡ് എന്നിവിടങ്ങളിലും വിക്ലോയിലെ ബ്രേയിലുമാണ് സർവ്വീസ് നടത്തുന്നത്.
ഭക്ഷണ വിതരണത്തിനായി നോഹസുമായി കരാറിൽ മാക്സോൾ ഏർപ്പെട്ടിട്ടുണ്ട്. 18 മാസത്തെ കരാറിലാണ് ഏർപ്പെട്ടിരിക്കുന്നത്. പുതിയ സേവനത്തിന്റെ ഭാഗമായി ഭക്ഷണത്തിന് പുറമേ പലചരക്ക് സാധനങ്ങളും ഉപഭോക്താക്കൾക്ക് എത്തിച്ച് നൽകും. ഇതിനായി ഓൺലൈൻ സേവനം പ്രയോജനപ്പെടുത്താം. കഴിഞ്ഞ വർഷം വിറ്റുവരവിൽ മാക്സോൾ 786 മില്യൺ യൂറോയുടെ നേട്ടം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സേവനം ആരംഭിക്കുമെന്ന പ്രഖ്യാപനം.

