ചലച്ചിത്ര പ്രവർത്തകനും ഛായാഗ്രാഹകനും മാധ്യമ പ്രവർത്തകനുമായ അമൽ കാനത്തൂർ രചിച്ച്, കൈപ്പട പബ്ലിഷിംഗ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച ‘വടക്കന്റെ മനസ്സ്‘ എന്ന പുസ്തകം രണ്ടാം പതിപ്പിലേക്ക് കടക്കുകയാണ്. ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ട് മുട്ടുന്ന അപരിചിതരായ രണ്ട് പേർ തമ്മിൽ നടക്കുന്ന സംഭാഷണത്തിന്റെ രൂപത്തിൽ രചിച്ചിരിക്കുന്ന ഈ പുസ്തകം, തെയ്യം എന്ന കലാരൂപത്തിന്റെയും അനുഷ്ഠാനത്തിന്റെയും ലോകത്തിലേക്ക് വായനക്കാരനെ അനായാസം ആനയിക്കുന്നു. തുലാം പത്തിന് തുടങ്ങി ഇടവപ്പാതിക്ക് അവസാനിക്കുന്ന മലബാറിന്റെ സമ്പന്നമായ തെയ്യാട്ട പൈതൃകത്തിലേക്ക് വെളിച്ചം വീശുന്ന ഈ പുസ്തകം, അനുവാചകരെ ക്ഷണനേരത്തേക്ക് വടക്കൻ കേരളത്തിലെ കാവുകളിലേക്ക് കൈ പിടിച്ച് കൂട്ടിക്കൊണ്ട് പോകുന്നു.
തെയ്യങ്ങളുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങളിലും പുരാവൃത്തങ്ങളിലും വായനക്കാരന്റെ ശ്രദ്ധ പതിപ്പിക്കുക എന്നതാണ് പ്രധാനമായും ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ ചെയ്യാൻ ശ്രമിക്കുന്നത്. തെയ്യം എന്ന അതുല്യമായ അനുഷ്ഠാന കലയുടെ സാങ്കേതികമായ ചട്ടക്കൂടുകളിലേക്ക് കാര്യമായി കടന്നു ചെല്ലാൻ ശ്രമിക്കുന്നില്ല എങ്കിലും, കഥകളിൽ താത്പര്യമുള്ള ഏതൊരു വായനക്കാരനും ഒറ്റയിരുപ്പിൽ വായിച്ചു തീർക്കുവാൻ തക്കവണ്ണമാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
തെയ്യക്കോലങ്ങളുടെയും ചമയങ്ങളുടെയും തെയ്യാട്ടങ്ങളുടെയും മിഴിവാർന്ന ചിത്രങ്ങളും ഈ പുസ്തകത്തിന്റെ സവിശേഷതയാണ്. തെയ്യവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളുടെയും കോലങ്ങളുടെയും ചൊൽസാഹിത്യത്തിന്റെയും സംഗീതത്തിന്റെയും ഒരു സംക്ഷിപ്ത വിവരണം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കതിവന്നൂർ വീരൻ, മുച്ചിലോട്ട് ഭഗവതി, കണ്ടനാർ കേളൻ, വിഷ്ണുമൂർത്തി, വയനാട്ടുകുലവൻ, മുതല തെയ്യം, പുലിയൂർ കണ്ണൻ, പുലിയൂർ കാളി, നീലിയാർ കോട്ടത്തമ്മ തുടങ്ങിയ തെയ്യങ്ങളെ കുറിച്ച് ഇതിൽ വിശദമായി വിവരിച്ചിരിക്കുന്നു.
പ്രണയം, പക, സംശയം, പോരാട്ടം, വിശ്വാസവഞ്ചന, അപമാനം, ഉയിർപ്പ്, ദൈവീകത തുടങ്ങി സമസ്ത മനുഷ്യ വികാരങ്ങളെയും അഭിസംബോധന ചെയ്യുന്ന സങ്കേതങ്ങളാണ് തെയ്യങ്ങളുടെ പുരാവൃത്തങ്ങളിലൂടെ ഈ പുസ്തകത്തിൽ അനാവൃതമാകുന്നത്. പുസ്തകത്തിന്റെ അവസാനത്തിൽ, തെയ്യാട്ടങ്ങൾ നേരിൽ കണ്ട് അറിയുന്നതിന് വേണ്ടി നിശ്ചയമായും താൻ വടക്കൻ കാവുകളിലേക്ക് എത്തും എന്ന് ലേഖകന് ഉറപ്പ് നൽകിയാണ് സഹയാത്രിക പിരിയുന്നത്.
ഒരു തുടർഭാഗത്തിന്റെ സാധ്യതകൾ തുറന്നിട്ടുകൊണ്ട് അവസാനിക്കുന്ന ‘വടക്കന്റെ മനസ്സ്‘ രണ്ടാം പതിപ്പിലേക്ക് കടക്കുമ്പോൾ ഡീറ്റെയിലിംഗിൽ കുറച്ച് കൂടി ശ്രദ്ധ കേന്ദ്രീകരിച്ചാണ് വായനക്കാരിലേക്ക് എത്തുന്നത്. ഏതൊരുകാലത്തെ വിശ്വസാഹിത്യ പുരാവൃത്തങ്ങളോടും കിടപിടിക്കുന്ന ആയിരക്കണക്കിന് കഥകളുടെ പ്രപഞ്ചമായ തെയ്യത്തെ സ്നേഹിക്കുന്ന ഓരോ വായനക്കാരനെയും ഈ പുസ്തകം നിരാശരാക്കില്ല എന്നത് ഉറപ്പ്.

