തിരുവനന്തപുരം ; പ്രിന്റിംഗ് സ്ഥാപനത്തിന്റെ ശുചിമുറിയിൽ ഒളിക്യാമറ വച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ശ്രീകാര്യം ചെക്കാലമുക്ക് സിന്ധു ഭവനിൽ രാഹുൽ പി അശോക് (38) ആണ് അറസ്റ്റിലായത്.
രാഹുലിന്റെ ഉടമസ്ഥതയിലുള്ള ചെക്കാലമുക്കിലെ പ്രിന്റിംഗ് പ്രസ് സ്ഥാപനത്തിൽ ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം . ഇവിടുത്തെ ശുചിമുറിയിലെ വേസ്റ്റ്ബിന്നിൽ പവർബാങ്കുമായി ഘടിപ്പിച്ച മൊബൈൽ ഫോൺ വച്ചാണ് രാഹുൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. ശുചിമുറിയിലെത്തിയ പുല്ലമ്പാറ സ്വദേശിനി വേസ്റ്റ്ബിന്നിൽ മൊബൈൽ ഫോൺ കണ്ടതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചതോടെ രാഹുൽ ഒളിവിൽ പോയി. ഇതിനിടെ മുൻകൂർ ജാമ്യം തേടാനും ശ്രമിച്ചു. എന്നാൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ശ്രീകാര്യം പൊലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

