സുനീഷ് വി ശശിധരൻ
നുഴഞ്ഞുകയറ്റങ്ങളെയോ കടന്നുകയറ്റങ്ങളെയോ ഒളിഞ്ഞ് നോട്ടങ്ങളെയോ ചൊല്ലി ലവലേശം ആശങ്കയില്ലാതെ, എന്നാൽ സ്വകാര്യതയുടെ സ്വയംകൃത മാനദണ്ഡങ്ങളെ മാനിച്ച്, വിശാലമായി തുറന്നിട്ടിരിക്കുന്ന സർഗ്ഗാത്മകതയുടെ വാതായനങ്ങൾ. സഹൃദയ ദൃഷ്ടിയുടെ വ്യവസ്ഥാപിതമോ വൈയക്തികമോ ആയ മാനകങ്ങൾക്ക് മുന്നിൽ സാഭിമാനം തെളിഞ്ഞു വരുന്ന വാങ്മയ ചിത്രങ്ങൾ. വ്യക്തിത്വം സ്വയം ഉരുവമാർന്ന കഥാപാത്രങ്ങൾ. കേവലം സാഹിത്യ, സാമൂഹിക, രാഷ്ട്രീയ നിർവചനങ്ങൾക്കപ്പുറം തികച്ചും സൃഷ്ടിപരമായ തന്നിടം അടയാളപ്പെടുത്തുന്ന മനോഹരമായ 11 കഥകളുടെ സമാഹാരം. അതാണ് യുവ എഴുത്തുകാരി ഒ. നിഷമോളുടെ, ‘ആളൊഴിഞ്ഞ ഇരിപ്പിടങ്ങൾ‘.
വായനക്കാരന്റെ ചിന്താസ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ട്, അഥവാ അതിന്റെ ആഴങ്ങളെ അളക്കാൻ കഥാകാരി നടത്തുന്ന കൗതുകപൂർവ്വമായ പരിശ്രമമാണ് ‘അവൾ‘ എന്ന കഥ. ആദ്യകാല ബ്ലോഗുകളിൽ എവിടെയോ കുറിച്ച ‘ട്രാങ്ക്വലൈസർ‘ എന്ന കുറിപ്പിന്റെ ആശയതന്തുവിനെ ഓർമ്മിപ്പിക്കുന്ന പശ്ചാത്തലമാണ് ഈ കഥയുടേത്. കാൽപ്പനികതയും പൈങ്കിളിയും തമ്മിലുള്ള വ്യത്യാസം കൃത്യമായി അടയാളപ്പെടുത്തുന്നതാണ് ഇതിന്റെ പ്രമേയം.
‘ലഹരി‘ എന്ന കഥ, തലക്കെട്ടിലെ മുൻധാരണകൾക്ക് അപ്പുറം കടന്നുചെന്ന് അനുവാചക ഹൃദയത്തെ വേട്ടയാടുന്നു. ‘പ്രണയത്തിലെ ജനാധിപത്യം‘ എന്ന കഥയും കൈകാര്യം ചെയ്യുന്നത് വർത്തമാനകാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു സാമൂഹിക വിഷയമാണ്. സ്ത്രീപക്ഷം എന്നതിനപ്പുറം മനുഷ്യപക്ഷം എന്ന വായനയാണ് ഈ കഥ ആവശ്യപ്പെടുന്നത്.
ഏതോ കാലത്ത്, ഉള്ളിൽ നന്മയും സ്വാതന്ത്ര്യ ബോധവും മാനവികതയുമുള്ള ആരോ ഒരാൾ കണ്ട സ്വപ്നം പോലെ മനോഹരമാണ് ‘ഫെമിനിസ്റ്റ്‘ എന്ന കഥ. മേൽപ്പറഞ്ഞ പോലെ, കേവലം സാഹിത്യ, സാമൂഹിക, രാഷ്ട്രീയ നിർവചനങ്ങൾക്കപ്പുറം വായനക്കാരനെ ഇരുത്തി ചിന്തിപ്പിക്കാൻ പര്യാപ്തമായ രചനാപാടവം.
എത്ര അടക്കി വെച്ചാലും പുറത്ത് വരാൻ വെമ്പുന്ന സ്വാതന്ത്ര്യ ബോധം, കാലം തെറ്റിയ കാലത്ത് കൈവരുന്ന കളിപ്പാട്ടം പോലെ വ്യർത്ഥമായിപ്പോകുന്ന തീക്ഷ്ണമായ ആശയത്തിന്റെ ഏറ്റവും ലളിതമായ ആവിഷ്കാരമാണ് ‘എന്നെ തിരയുന്ന ഞാൻ‘ എന്ന കഥ. ആദർശവും യാഥാർത്ഥ്യവും ആത്മബോധവും തമ്മിൽ ഒരു ത്രികോണ സംഘർഷം ഇതിൽ ദൃശ്യമാകുന്നു.
സമാഹാരത്തിലെ ഏറ്റവും ലളിതവും അതേ പോലെ തന്നെ ഏറ്റവും ഉള്ളുലയ്ക്കുന്നതുമായ വായനാനുഭവം സമ്മാനിക്കുന്ന കഥയാണ്, ‘ഒഴിഞ്ഞ ഇരിപ്പിടങ്ങൾ‘. രണ്ടോ മൂന്നോ ദശാബ്ദങ്ങൾക്ക് മുൻപ് ബാല്യകൗമാര യൗവ്വനങ്ങൾ ആസ്വദിച്ച ഏതൊരു ശരാശരി നാട്ടിൻപുറത്തുകാരനായ മലയാളിക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപരിസരം. മനുഷ്യൻ എത്ര മനോഹരമായ പദം എന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു ഈ കഥ.
‘ഒരു തൊഴിലന്വേഷക‘ എന്ന കഥ ചർച്ച ചെയ്യുന്നതും സങ്കീർണ്ണവും യഥാതതവുമായ ഒരു പ്രമേയമാണ്. എഴുത്തുകാരി ആത്മഭാഷണം എന്ന സങ്കേതം ഇതിൽ മനോഹരമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.
തൊട്ടാൽ പൊള്ളുന്ന സ്വവർഗ്ഗ പ്രണയം എന്ന പ്രമേയത്തെ, തനത് വീക്ഷണകോണിലൂടെ നോക്കിക്കാണുമ്പോൾ, സാർവ്വകാലിക പ്രസക്തമായ അതിന്റെ രാഷ്ട്രീയം ‘പ്രതികാരം‘ എന്ന കഥയിൽ പറയാതെ പറഞ്ഞ് വെക്കുന്നു. എന്നാൽ അത്തരം ഉപരിപ്ലവമായ മേഖലകളിൽ ചുറ്റിത്തിരിഞ്ഞ് ബോറടിപ്പിക്കാതെ, കഥാകൃത്ത് എന്ന തനത് ധർമ്മം ഇവിടെ തനിമ ചോരാതെ നിറവേറ്റപ്പെടുന്നു.
‘വായനക്കാരനെ തേടി‘ എന്ന കഥ വീണ്ടും എഴുത്തിന്റെ മനോഹരമായ ലാളിത്യം അനാവൃതമാക്കുന്നു. സർഗ്ഗാത്മകത വരദാനമായി ലഭിച്ചിട്ടുള്ളവർ ബാല്യനൈർമ്മല്യത്തിന്റെ ഏതോ നാളുകളിൽ അനുഭവിച്ചിരിക്കാവുന്ന വലിയ ദാർശനിക പ്രശ്നം ഏറ്റം സരസമായി അവതരിപ്പിക്കപ്പെടുന്നുവെങ്കിലും, വീക്ഷണത്തിലെ കണിശത അവിടെയും എഴുത്തുകാരി മുറുകെ പിടിക്കുന്നു.
ഈ സമാഹാരത്തിലെ ഏറ്റവും വ്യക്തവും സ്പഷ്ടവും ജ്വലനാത്മകവുമായ രാഷ്ട്രീയം ഉറക്കെ പ്രഖ്യാപിക്കുന്ന കഥയാണ് ‘വേർതിരിവ്‘. പല തലങ്ങളിൽ വ്യാഖ്യാനിക്കപ്പെട്ടേക്കാം എങ്കിലും, സ്വത്വബോധം സർഗ്ഗസൃഷ്ടിയിൽ മുറുകെ ചേർത്തു പിടിക്കുന്ന ഈ കഥയെ വിപ്ലവകരം എന്ന് വിശേഷിപ്പിക്കമെങ്കിലും, എഴുത്തുകാരിയെ സംബന്ധിച്ച് ഇത് വെറുമൊരു നിരീക്ഷണം പോലെ ലളിതമായ വ്യായാമം മാത്രമാകാം.
തലക്കെട്ട് നൽകുന്ന മുൻധാരണയെ വെല്ലുവിളിക്കുന്ന കഥാകൃത്തിന്റെ മറ്റൊരു ചിന്തോദ്ദീപകമായ ഉദ്യമമാണ് ‘കൊറോണ കാലത്തെ തിരിച്ചറിവുകൾ‘ എന്ന കഥയിൽ ദൃശ്യമാകുന്നത്. മനുഷ്യ ചിന്തകൾ ഏറ്റവും സങ്കീർണ്ണവും ഉത്പാദനക്ഷമവുമായ യാത്രാസ്വാതന്ത്ര്യം ആസ്വദിച്ച മഹാമാരിക്കാലം നൽകിയ തിരിച്ചറിവുകളുടെ സ്വതത്രമായ ആഖ്യാനമാണ് ഈ കഥ.
ബാഹ്യവ്യക്തിത്വം എന്ന മനോഹരവും നിഗൂഢവുമായ പുറന്തോൽ, അതിനുള്ളിൽ നിലനിൽപ്പിന്റെ, അതിജീവനത്തിന്റെ മാംസളത, അതിനുമപ്പുറം ജീവിത യാഥാർത്ഥ്യങ്ങളുടെ കഠിനമായ അകം തോട്, അതിനുമുള്ളിൽ ഒളിഞ്ഞിരിക്കുന്ന സൃഷ്ടിയുടെ, പ്രപഞ്ചതാളത്തിന്റെ, സമസ്ത ജൈവീകതയുടെയും നൈരന്തര്യത്തിന്റെ വിത്ത്. എഴുത്തുകാരി അറിഞ്ഞോ അറിയാതെയോ പറഞ്ഞ് പോകുന്ന ഈ സർഗതത്വത്തിന്റെ ഏറ്റവും സരളമായ ആവിഷ്കാരമാണ്. ‘ആളൊഴിഞ്ഞ ഇരിപ്പിടങ്ങൾ‘ എന്ന കഥാസമാഹാരം എന്നത് നിസ്തർക്കമാണ്.

