ലോകമെമ്പാടും മൂവായിരത്തിലേറെ പാമ്പുകളുണ്ടെന്നാണ് കണക്ക് . ഇതിൽ അറുന്നൂറോളം ഇനങ്ങൾക്കാണ് വിഷം കൂടുതലായുള്ളത് . മൂർഖൻ , അണലി, രാജവെമ്പാല തുടങ്ങി നമ്മുടെ നാട്ടിൽ കണ്ട് വരുന്ന ഇനങ്ങളും ഇതിൽ ഉൾപ്പെടും.
ലോകത്തെ ഏറ്റവും തീവ്രമായ വിഷം വഹിക്കുന്ന പാമ്പാണ് ടൈപാൻ വിഭാഗത്തിലുള്ള ഇൻലാൻഡ് ടൈപാൻ. ഒറ്റക്കൊത്തിൽ നൂറ് മനുഷ്യരെ കൊല്ലാൻ കഴിയുന്ന വിഷമാണ് ടൈപാൻ പുറപ്പെടുവിക്കുന്നത് . ഇതേ വിഷത്തിന് രണ്ടരലക്ഷം എലികളെയും കൊല്ലാനാകും.
ടായ് പോക്സിൻ എന്ന ന്യൂറോടോക്സിൻ ശ്രേണിയിലുള്ള ജൈവരാസവസ്തുവും മറ്റ് അപകടകരമായ രാസസംയുക്തങ്ങളും അടങ്ങിയതിനാലാണ് ടൈപാന്റെ വിഷം ഇത്രത്തോളം അപകടകാരിയാകുന്നത്. മനുഷ്യരിൽ ഇത് പ്രവേശിച്ച് കഴിഞ്ഞാൽ ഉടനടി പേശികളെ അത് മരവിപ്പിക്കുകയും, രക്തധമനികൾക്കും , ശരീരകലകൾക്കും നാശം സംഭവിപ്പിക്കുകയും ചെയ്യും.
ഓസ്ട്രേലിയയിൽ ടൈപാൻ വിഭാഗത്തിൽ രണ്ട് തരം പാമ്പുകളുണ്ട് . കൂടുതലും കാണപ്പെടുന്നത് കോസ്റ്റൽ ടൈപാൻ എന്ന വിഭാഗത്തിലുള്ള പാമ്പുകളെയാണ്. എന്നാൽ അവയ്ക്ക് ഇൻലാൻഡ് ടൈപാനെ അപേക്ഷിച്ച് വിഷംകുറവാണ് . പക്ഷെ ഈ കോസ്റ്റൽ ടൈപാനുകൾ മനുഷ്യരെ ആക്രമിക്കുന്നതിൽ മടി കാട്ടാറില്ല. ഇവയുടെ കടി ഏൽക്കുന്ന 80 ശതമാനം പേരും മുൻപ് മരണപ്പെടാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഈ വിഷത്തെ പ്രതിരോധിക്കാൻ മറുമരുന്നുകൾ കണ്ടെത്തിയിട്ടുണ്ട്.

