ദാമ്പത്യ ജീവിതത്തിൽ സ്നേഹം, വിശ്വാസം, ആത്മവിശ്വാസം എന്നിവ വളരെ പ്രധാനമാണ്. എന്നാൽ സമീപകാലത്ത്, ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹബന്ധം ദുർബലമാവുകയും വിവാഹമോചനങ്ങളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ ഇപ്പോഴിതാ 84 വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ ദാമ്പത്യ ജീവിതം നയിച്ച ദമ്പതികളുടെ ജീവിതകഥയാണ് ലോക റെക്കോർഡ് നേടിയിരിക്കുന്നത് . പ്രണയിച്ച് വിവാഹം കഴിച്ച ഈ ദമ്പതികൾക്ക് 13 മക്കളും 100-ലധികം പേരക്കുട്ടികളുമുണ്ട്.
ഏറ്റവും കൂടുതൽ കാലം ദാമ്പത്യം നയിച്ച ദമ്പതികൾ എന്ന ഗിന്നസ് റെക്കോർഡ് ബ്രസീലിയൻ ദമ്പതികളായ മനോയൽ ആഞ്ചലിം ഡിനോയ്ക്കും, മരിയ ഡി സൂസ ഡിനോയ്ക്കും സ്വന്തമാണ്. 84 വർഷവും 77 ദിവസവും നീണ്ട അത്ഭുതകരമായ ദാമ്പത്യജീവിതം നയിക്കുന്ന ഈ ദമ്പതികളുടെ പ്രണയകഥ ആരംഭിച്ചത് 1936 ലാണ്. നാല് വർഷങ്ങൾക്ക് ശേഷം, 1940-ൽ, ബ്രസീലിയൻ സിയറയിലെ ഒരു ചാപ്പലിൽ വെച്ച് അവർ വിവാഹിതരായി. അന്നുമുതൽ, ഈ ദമ്പതികൾ ഒരുമിച്ച് മനോഹരമായ ജീവിതം നയിക്കുന്നു. ദമ്പതികൾക്ക് 13 കുട്ടികളും 55 പേരക്കുട്ടികളും 54 കൊച്ചുമക്കളും ഉൾപ്പെടെ 100-ലധികം അംഗങ്ങളൂള്ള കുടുംബമാണ് ശക്തിയായി കൂടേയുള്ളത്.
പ്രായത്തിന്റെ അവശതകൾ കാരണം, മനോയൽ ദിവസത്തിന്റെ ഭൂരിഭാഗവും വിശ്രമിക്കുന്നു. എല്ലാ ദിവസവും ഭാര്യ മരിയയോടൊപ്പം റേഡിയോ കേൾക്കുന്നു, ഓരോ നിമിഷവും ആസ്വദിക്കുന്നു. ഈ വൃദ്ധ ദമ്പതികൾ പറയുന്നത് തങ്ങളുടെ ദീർഘവും സന്തുഷ്ടവുമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം ‘പ്രണയ’മാണെന്നാണ്.