വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ വസതിയിൽ വെടിവയ്പ്. ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള മാർ എ ലാഗോ എസ്റ്റേറ്റിലെ വസതിയിലാണ് ആക്രമണമുണ്ടായത് . അക്രമിയെ സുരക്ഷാഭടന്മാർ വധിച്ചു.
ഇയാളുടെ കൈയ്യിൽ തോക്കും ഇന്ധനം നിറച്ച ക്യാനുമുണ്ടായിരുന്നു. യുഎസ് സീക്രട്ട് സർവീസ് വക്താവ് ആന്റണി ഗുഗ്ലി എൽമിയാണ് അക്രമത്തെ കുറിച്ചുള്ള വിവരം സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടത്.
ഞായറാഴ്ച പുലർച്ചെ പ്രാദേശിക സമയം 1:30 നാണ് സംഭവം. സാധാരണയായി വാരാന്ത്യങ്ങളിൽ ട്രമ്പ് ഇവിടെ എത്താറുണ്ട്. എന്നാൽ വെടിവയ്പുണ്ടായപ്പോൾ ട്രമ്പ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ . വെടിവയ്പ് നടക്കുമ്പോൾ ട്രമ്പും ഭാര്യ മെലാനിയയും വൈറ്റ്ഹൗസിലായിരുന്നു.
20 വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് അക്രമി എന്നാണ് റിപ്പോർട്ട് . അക്രമിയെ കീഴ്പ്പെടുത്തുന്നതിനുൾപ്പെടെ എത്ര വെടിയുതിർത്തു എന്നു വ്യക്തമല്ല. ആയുധം താഴെയിട്ട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വക വയ്ക്കാതെ അക്രമി വീണ്ടും വെടിയുതിർക്കുന്നതിനായി ശ്രമിച്ചപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചുവീഴ്ത്തിയത്.

