ഹൈദരാബാദ് ; ശിരോവസ്ത്രം ഇസ്ലാമിൽ നിർബന്ധിത മതാചാരമല്ലെന്ന അലഹാബാദ് ഹൈക്കോടതി പരാമർശത്തിനെതിരെ എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. ഇസ്ലാമിൽ ഏതാണ് ആവശ്യമായ ആചാരം, ഏതാണ് അല്ലാത്തത് എന്ന് തീരുമാനിക്കേണ്ടത് ജഡ്ജിമാരല്ലെന്നും . കോടതി മുസ്ലീങ്ങൾക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും ഒവൈസി പറഞ്ഞു.
‘‘ഇത് ഞങ്ങളുടെ മതമാണ്, ഇതിൽ എന്താണ് വേണ്ടതെന്ന് ഞങ്ങൾ തീരുമാനിക്കും. അത് തീരുമാനിക്കാൻ ജഡ്ജിമാർ ആരാണ്? ഇസ്ലാമിന് എന്താണ് അത്യാവശ്യമെന്ന് തീരുമാനിക്കാൻ നിങ്ങൾ ആരാണ്? പെൺകുട്ടികൾ അവരുടെ തലയിലാണ് ഹിജാബ് ധരിക്കുന്നത്, അവരുടെ മനസ്സിലല്ല. ഇത് ഞങ്ങളുടെ മതത്തിനു നേരെയുള്ള ആക്രമണമാണ്’’ – ഒവൈസി വ്യക്തമാക്കി.
സ്കൂളിൽ യൂണിഫോമിനൊപ്പം ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്ന 11–ാം ക്ലാസ് വിദ്യാർഥിനിയുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു അലഹാബാദ് ഹൈക്കോടതി ജസ്റ്റിസുമാരായ ജെജെ മുനീർ, ഇന്ദ്രജിത്ത് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ പരാമർശങ്ങൾ .
സ്കാർഫ് ധരിക്കുന്നത് തന്റെ മതത്തിന്റെ അനിവാര്യ ഭാഗമാണെന്നും അത് വിശ്വാസത്തെ ബാധിക്കുമെന്നും സ്ഥാപിക്കുന്ന മതഗ്രന്ഥങ്ങളോ മറ്റ് വസ്തുക്കളോ ഹർജിക്കാരി ഹാജരാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കോടതിയിൽ സമർപ്പിച്ച ഫോട്ടോകളിൽ അതേ മതവിഭാഗത്തിലെ മറ്റ് വിദ്യാർത്ഥികൾ സ്കാർഫ് ഇല്ലാതെ സ്കൂളിൽ പോകുന്നതായി കാണിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

