ഇസ്ലാമാബാദ് : പാകിസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു. ഇസ്ലാമാബാദിലെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയുടെ മൂന്നാം നിലയിലെ ഗൈനക്കോളജി വാർഡിലാണ് തീപിടുത്തം ഉണ്ടായത്.
ഇന്ന് രാവിലെ 6.15 നാണ് അപകടം. വാർഡിലുണ്ടായിരുന്ന 16 കുട്ടികളിൽ 15 പേർ മരിച്ചു. ഒരു കുഞ്ഞിനെ മാത്രമേ രക്ഷപ്പെടുത്തിയിട്ടുള്ളൂവെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എയർ കണ്ടീഷണർ കംപ്രസ്സറിലെ സ്ഫോടനമാണ് തീപിടുത്തത്തിന് കാരണമെന്ന് റിപ്പോർട്ട്. ജനാലകൾ തകർത്ത് അഗ്നിശമന സേനാംഗങ്ങൾ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത് . തീ നിലവിൽ നിയന്ത്രണവിധേയമാണ്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

