കാഠ്മണ്ഡു : നേപ്പാളിൽ മിന്നൽ പ്രളയം . മലയോരമേഖലയായ റസുവ ജില്ലയിലെ തിമുരെ ബസാർ പ്രദേശത്തുണ്ടായ പ്രളയത്തിൽ നിരവധി ഗ്രാമങ്ങൾ ഒഴുകി പോയി. തിമുരെ ബസാർ പ്രദേശത്ത് വൻ നാശനഷ്ടങ്ങൾ . തിമുരെ ഉൾപ്പെടെ സമീപത്തുള്ള രണ്ട് മാർക്കറ്റുകൾ പൂർണ്ണമായും നശിച്ചു. 1,000 ത്തോളം പേർ ഒഴുക്കിൽ പെട്ടതായാണ് റിപ്പോർട്ടുകൾ . ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല.
നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എൻഡിഎംഎ) അടിയന്തര യോഗം വിളിച്ചു. ദുരിതബാധിത പ്രദേശങ്ങളിലെ ചീഫ് ജില്ലാ മജിസ്ട്രേറ്റുമാരുമായി പ്രധാനമന്ത്രി ഷാ നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികൾ ഓരോ മിനിറ്റിലും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് അസിം ഷാ പറഞ്ഞു.
റസുവ കസ്റ്റംസ് പ്രദേശത്ത് ധാരാളം വാഹനങ്ങളും മറ്റ് സാധനങ്ങളും ഉണ്ടായിരുന്നുവെന്നും വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി . കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്ക സ്ഥലത്ത് അടുത്തിടെ നിർമ്മിച്ച ഒരു പുതിയ പാലവും ഒഴുകിപ്പോയി. ബുധനാഴ്ച രാവിലെ 9 മണിയോടെയുണ്ടായ മിന്നൽ പ്രളയത്തിൽ ആദ്യം തിമുരെ ബസാർ ജനവാസ കേന്ദ്രം തകർന്നതായി റസുവ ചീഫ് ജില്ലാ ഓഫീസർ നരേന്ദ്ര പരിയാർ പറഞ്ഞു. താഴ്ന്ന തീരപ്രദേശങ്ങളിലെ ജലവൈദ്യുത പദ്ധതികളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായും സൂചനകളുണ്ട്.

