അഷ്ടമുടിക്കായലിന്റെ കാറ്റേറ്റ് പുഞ്ചിരി തൂകി നിൽക്കുന്ന കൃഷ്ണനാണ് കൊല്ലം ആശ്രാമം ക്ഷേത്രത്തിലെ നവനീത കൃഷ്ണൻ . ആശ്രിത വൽസലനാണ് ഭഗവാൻ . കൈകളിൽ വെണ്ണയേന്തി നിൽക്കുന്ന ശിലാരൂപമാണ് ഇവിടുത്തേത് .
ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് ആയിരം വർഷത്തോളം പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത് . ദേശിംഗനാടിന്റെ .ചരിത്രത്തിന്റെ ഭാഗമായ ഈ ക്ഷേത്രത്തെക്കുറിച്ച് ഉണ്ണുനീലിസന്ദേശത്തിലും മയൂരസന്ദേശത്തിലും താളിയോലഗ്രന്ഥങ്ങളിലും പരാമർശമുണ്ട്. വില്വമംഗലം സ്വാമികളാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്നും സന്താനഭാഗ്യം ലഭിക്കാതിരുന്ന ഒരു വിഷ്ണു ഭക്തയ്ക്ക് ശിലാരൂപത്തിൽ ഭൂജാതനായതാണ് ആശ്രാമം ശ്രീകൃഷ്ണ സ്വാമിയെന്നും ഐതിഹ്യമുണ്ട്.
എല്ലാമാസവും രോഹിണി നാളിൽ സന്താനഗോപാലം കഥകളി നടക്കുന്ന കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണ് ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. സന്താനഭാഗ്യത്തിനായി ഭഗവാന് മുന്നിൽ കഥകളി നേർച്ചയായി നടത്തുന്നവരുമുണ്ട്.
എല്ലാവർഷവും ഏപ്രിൽ മാസത്തിലെ വിഷുദിനത്തിലാണ് ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ആശ്രാമം മൈതാനത്ത് കൊല്ലം പൂരം നടക്കുന്നു. ശ്രീകൃഷ്ണക്ഷേത്രത്തോടൊപ്പം ഒരു അയ്യപ്പ ക്ഷേത്രം കൂടിയുണ്ട്. ശബരിമല ക്ഷേത്രത്തിലേതുപോലെ പതിനെട്ടു പടികളുള്ള ഈ ക്ഷേത്രത്തിൽ ആനപ്പുറത്തിരിക്കുന്ന അയ്യപ്പന്റെ പ്രതിഷ്ഠയാണുള്ളത്

