ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയവർ വിശ്വാസികളല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്ന . സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിയുമായി ബന്ധപ്പെട്ട വാദം കേൾക്കുന്നതിനിടെയാണ് ഈ പരാമർശം . ചില പൊതുതാൽപ്പര്യ ഹർജികൾ വ്യത്യസ്ത അജണ്ടകളോടെ ഫയൽ ചെയ്യപ്പെടുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ഒമ്പത് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച് ഇന്ന് വാദം കേട്ടു.
“സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട ഹർജിക്കാരിൽ ആരും വിശ്വാസികളല്ല. അത്തരം പ്രവേശനം ആവശ്യപ്പെട്ട് ഒരു ഭക്തനും ഈ കോടതിയെ സമീപിച്ചിട്ടില്ല. ഈ ഹർജിക്കാർ ആരാണ്?” ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദം ഉന്നയിക്കുമ്പോഴായിരുന്നു ഈ ഇടപെടല്‍. ഹര്‍ജിക്കാരുടെ പശ്ചാത്തലം അന്നേ പരിശോധിച്ചിരുന്നുവെങ്കില്‍ 2006-ല്‍ തന്നെ ഈ കേസ് തള്ളപ്പെടുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസും നിരീക്ഷിച്ചു.
യുവതി പ്രവേശന ആവശ്യവുമായി ഏതെങ്കിലും വ്യക്തി സിവിൽ കോടതിയെ സമീപിച്ചിരുന്നുവെങ്കിൽ കോടതിയിൽ നിന്ന് ഉയരുന്ന ആദ്യ ചോദ്യം നിങ്ങൾക്ക് കേസുമായുള്ള ബന്ധം എന്താണെന്ന് ആയിരിക്കും. ബന്ധം വിശദീകരിക്കാൻ ആയില്ലെങ്കിൽ അപ്പോൾ തന്നെ കേസ് തള്ളുമെന്നും ജസ്റ്റിസ് ബി.വി നാഗരത്ന ചൂണ്ടിക്കാട്ടി.

