പത്തനംതിട്ട : രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ടയർ കോൺക്രീറ്റിൽ കുടുങ്ങി. തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് കോൺക്രീറ്റിൽ നിന്ന് ഹെലികോപ്റ്റർ തള്ളി നീക്കേണ്ടി വന്നു.സുരക്ഷാ കാരണങ്ങളാൽ നിലയ്ക്കലിൽ ലാൻഡ് ചെയ്യാതെ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. ഇന്ന് രാവിലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ഇട്ടത്.
പുതുതായി പാകിയ കോൺക്രീറ്റ് ഉറച്ചിരുന്നില്ല. ഇതാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്കിടയാക്കിയത് . രാവിലെ 9.05 ന് ഹെലികോപ്റ്റർ പ്രമാടത്ത് ലാൻഡ് ചെയ്തു പമ്പയിലേക്ക് പോയി. രാവിലെ 11.50 ന് രാഷ്ട്രപതി സന്നിധാനത്ത് എത്തും. മന്ത്രി വി എൻ വാസവനും ദേവസ്വം ബോർഡ് ഭാരവാഹികളും ചേർന്ന് പുണ്യപടികൾക്ക് മുന്നിൽ പൂർണ്ണകുംഭം നൽകി ഔദ്യോഗികമായി സ്വീകരിക്കും. തുടർന്ന് ദർശനത്തിനു ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും.
രാഷ്ട്രപതിക്ക് ദേവസ്വം ബോർഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയിൽ കൊത്തിയെടുത്ത അയ്യപ്പ രൂപം നൽകും. രാഷ്ട്രപതി ദർശനം കഴിഞ്ഞു മടങ്ങുന്നതുവരെ മറ്റു തീർത്ഥാടകർക്ക് നിലയ്ക്കലിനപ്പുറം പ്രവേശനമില്ല.

