കൊച്ചി ; ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠാ ക്രമക്കേടില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. സംഭാവന നല്കിയ സ്വര്‍ണത്തെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.
സംഭാവന നല്കിയ സ്വര്‍ണത്തിന്റെ അളവ്, അതുമായി ബന്ധപ്പെട്ടുള്ള മറ്റ് കാര്യങ്ങള്‍ എന്നിവയാണ് പ്രധാനമായും ചോദിച്ചത് . എന്നാല്‍ സ്വര്‍ണത്തിന്റെ സംഭാവനയുമായി ബന്ധപ്പെട്ട കൃത്യമായ കണക്ക് ഇല്ല എന്നുള്ള മൊഴിയാണ് സുരേഷ് ഗോപി നല്‍കിയത് എന്നാണ് സൂചന.
ഇന്നലെയാണ് സുരേഷ്ഗോപിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയത് . മോഹന്‍ലാല്‍ ഉള്‍പ്പെടെ കൂടുതല്‍ സിനിമാ മേഖലയിലുള്ളവരുടെ മൊഴിയെടുപ്പ് ഉടനെയുണ്ടാകും. കൂടുതല്‍ താരങ്ങളോട് പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സംഭാവന നല്കാന് ആഭ്യർഥിച്ചിരുന്നുവെന്നും സുരേഷ് ഗോപി മൊഴി നല്കി
.
27 പേരാണ് സ്വര്‍ണം സംഭാവന ചെയ്തതെന്നാണ് വിജിലന്‍സിന്റെ കണക്ക്. അതില്‍ 20 പേരുടെ മൊഴിയും രേഖപ്പെടുത്തി. ഇനി ഏഴ് പേരുടെ മൊഴി രേഖപ്പെടുത്താനുണ്ട്. ഇതില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ ഉണ്ട്. ഈ ആഴ്ച തന്നെ ഇവരുടെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം.
ചലച്ചിത്ര സംവിധായകൻ ഷാജി കൈലാസ്, തിരക്കഥാകൃത്ത് രഞ്ജി പണിക്കർ, നിർമ്മാതാവ് സുരേഷ് കുമാർ എന്നിവർ നേരത്തെ വിജിലൻസിന് മൊഴി നൽകിയിരുന്നു. സ്വർണ്ണ നാണയങ്ങൾ സംഭാവന ചെയ്തതായി അവർ വ്യക്തമാക്കിയിട്ടുണ്ട്. അഡ്വക്കേറ്റ് കമ്മീഷണറായിരുന്ന എഎസ്പി കുറുപ്പിനാണ് അവർ സ്വർണ്ണം കൈമാറിയത്. സംഭാവന ചെയ്ത സ്വർണ്ണത്തിന്റെ അളവും അവർ വെളിപ്പെടുത്തി. കൊടിമരം പുനഃസ്ഥാപിക്കാൻ ആവശ്യമായ ആകെ 9573 ഗ്രാം സ്വർണ്ണത്തിൽ 412.010 ഗ്രാം 27 ഭക്തരിൽ നിന്നുള്ള സംഭാവനയായിരുന്നു. കുറുപ്പിന്റെ നേതൃത്വത്തിലാണ് ഇതെല്ലാം സ്വീകരിച്ചത്.
2017-ൽ കൊടിമര പുനർനിർമ്മാണത്തിൽ സ്വർണ്ണം സ്വീകരിച്ചതിൽ ഗുരുതരമായ നിയമലംഘനം നടന്നിട്ടുണ്ടെന്ന് ദേവസ്വം വിജിലൻസ് നേരത്തെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സുരേഷ് ഗോപി, ഗോകുൽ സുരേഷ്, സുധീർ കരമന, രഞ്ജി പണിക്കർ, സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് സമർപ്പിച്ച പട്ടികയിൽ സുരേഷ് ഗോപിയുടെ പേര് മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ.
ഇതിനെക്കുറിച്ച് സുരേഷ് ഗോപി നേരത്തെ വിശദീകരണം നൽകിയിരുന്നു. കൊടിമരത്തിന് മുകളിൽ വാജി വാഹനത്തിൽ സ്വർണ്ണ ഷീറ്റുകൾ പതിച്ചത് താനാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്റെ മകൻ ഗോകുൽ സുരേഷും സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കറും സംയുക്തമായി അഷ്ടദിക്പാലക വിഗ്രഹങ്ങളിൽ സ്വർണ്ണം പതിപ്പിച്ചതായും സുരേഷ് ഗോപി പറഞ്ഞിരുന്നു.

