കൊൽക്കത്ത : മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളുമായ മുകുൾ റോയ് (71) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
മരണവാർത്ത അദ്ദേഹത്തിന്റെ മകൻ സുഭ്രാങ്ഷു റോയാണ് അറിയിച്ചത്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് 2012 ൽ അദ്ദേഹം കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നു.ഷിപ്പിംഗ് സഹമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വൃക്ക സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ നിരവധി ശാരീരിക പ്രശ്നങ്ങൾ കാരണം അദ്ദേഹം വളരെക്കാലമായി രോഗബാധിതനായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ 1.30 നായിരുന്നു അന്ത്യം . ആരോഗ്യപ്രശ്നങ്ങൾ കാരണം ഏറെക്കാലമായി മുകുൾ റോയ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
2011-ൽ മമതയുടെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തുന്നതിൽ മുകുൾ റോയ് പ്രധാന പങ്ക് വഹിച്ചു. നിരവധി ഇടതുപക്ഷ നേതാക്കളെ തൃണമൂൽ കോൺഗ്രസിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം സജീവ പങ്കുവഹിച്ചു. ‘ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യൻ’ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസിന്റെ മുഖമായി അദ്ദേഹം വളരെക്കാലം പ്രവർത്തിച്ചു.
മമയുമായുള്ള ബന്ധം വിച്ഛേദിച്ചതിന് ശേഷം 2017-ൽ അദ്ദേഹം ബിജെപിയിൽ ചേർന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ 18 സീറ്റുകൾ നേടാൻ ബിജെപിയെ സഹായിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. കൃഷ്ണ നഗർ ഉത്തർ മണ്ഡലത്തിൽ നിന്ന് വിജയിച്ച അദ്ദേഹം 2021-ൽ എംഎൽഎയായി. എന്നാൽ മാസങ്ങൾക്കുള്ളിൽ അദ്ദേഹം തൃണമൂൽ കോൺഗ്രസിലേക്ക് തന്നെ മടങ്ങി.
ടിഎംസിയിലേക്ക് കൂറുമാറിയതിനെത്തുടർന്ന് സംസ്ഥാന നിയമസഭയിലെ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെച്ചൊല്ലി അദ്ദേഹം നിയമപോരാട്ടം നടത്തുകയായിരുന്നു. കൽക്കട്ട ഹൈക്കോടതി അദ്ദേഹത്തെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. എന്നാൽ സുപ്രീം കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു. നിലവിൽ എംഎൽഎയായിരിക്കെയാണ് അദ്ദേഹം മരിച്ചത്. മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെ വിവിധ നേതാക്കൾ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു.

