കൊല്ലം: ആൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റിനെക്കുറിച്ചുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ശ്രദ്ധ നേടിയ ബസ് ഉടമയാണ് റോബിൻ ഗിരീഷ് . ഇപ്പോഴിതാ അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് റോബിൻ .
കോട്ടയത്തെ മേലുകാവ് പഞ്ചായത്തിൽ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഗിരീഷ്, അടുത്ത വർഷം പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ പദ്ധതിയിടുന്നതായി വെളിപ്പെടുത്തി.
ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റിനെക്കുറിച്ചുള്ള ശക്തമായ പ്രതികരണങ്ങളിലൂടെയാണ് ഗിരീഷ് ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിൽ എത്തുന്നത് . പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിന്റെ മറവിൽ സർക്കാർ സ്വകാര്യ ബസ് ഉടമകളെ ചൂഷണം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു.
പുതിയ ബസുകൾക്ക് മാത്രമേ പെർമിറ്റ് നൽകൂ എന്ന് സർക്കാർ നിർബന്ധം പിടിക്കുന്നുണ്ടെങ്കിലും, സർക്കാർ സർവീസ് നടത്തുന്ന മിക്ക ബസുകളും പഴയ വാഹനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ ബസ് മേഖലയെ നശിപ്പിക്കുന്ന സർക്കാർ നയങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തന്റെ തീരുമാനം എന്ന് ഗിരീഷ് പറയുന്നു.
“രാഷ്ട്രീയത്തിൽ തുടരുക എന്നതാണ് എന്റെ ലക്ഷ്യം. വലിയ പ്രസംഗങ്ങൾ നടത്താനോ വലിയ വാഗ്ദാനങ്ങൾ നൽകാനോ എനിക്കറിയില്ല. ആളുകൾക്ക് മനസ്സിലാകുന്ന ലളിതമായ വാക്കുകളിൽ ഞാൻ അവരോട് സംസാരിക്കും. ഈ തിരഞ്ഞെടുപ്പ് ഒരു തുടക്കം മാത്രമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഞാൻ മത്സരിക്കും. മന്ത്രി ഗണേഷ് കുമാറിന്റെ മണ്ഡലമായ പത്തനാപുരത്ത് നിന്ന് മത്സരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പൊതുഗതാഗത മേഖലയെ ഇത്രയും തകർത്ത മറ്റൊരു മന്ത്രിയും ഉണ്ടായിട്ടില്ല,” റോബിൻ ഗിരീഷ് സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

