തിരുവനന്തപുരം ; പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച്ച സംബന്ധിച്ച പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്രഭരണസമിതി. നേരിട്ട് പരിശോധന നടത്തിയെന്നും വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് ക്ഷേത്രഭരണസമിതി അറിയിക്കുന്നത് . പൊലീസ് നഷ്ടമായെന്ന് പറയുന്ന വൈരനാമവും, വിളക്കും ക്ഷേത്രത്തിനുള്ളിൽ തന്നെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നുവെന്നും അത് നേരിൽ കണ്ട് ബോധ്യപ്പെട്ടുവെന്നും ക്ഷേത്രഭരണസമിതി പറയുന്നു.
ബന്ധപ്പെട്ട അധികാരികളെയോ, ഭരണസമിതിയെയോ അറിയിക്കാതെയും , വ്യക്തമായ അന്വേഷണം നടത്താതെയും റിപ്പോർട്ട് സമർപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭരണസമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.വിശദമായ പരിശോധനകളുടെയും , രേഖകളുടെ അവലോകനത്തിന്റെയും റിപ്പോർട്ട് എക്സിക്യൂട്ടീസ് ഓഫീസർ ഭരണസമിതിയ്ക്ക് നൽകിയിരുന്നു. സംസ്ഥാന പൊലീസ് മേധാവി സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ‘ നഷ്ടപ്പെട്ടു‘ എന്ന് പറയുന്ന വൈരനാമം ശ്രീകോവിലിനുള്ളിൽ സുരക്ഷിതമായി ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ ഭക്തജനങ്ങൾ ഭഗവാന് സമർപ്പിച്ചിട്ടുള്ള സ്വർണ്ണനാണയങ്ങളും, സ്വർണ്ണക്കട്ടികളും ഉൾപ്പെടെയുള്ള സമർപ്പണവസ്തുക്കൾ സുരക്ഷിതമായി സംരക്ഷിച്ചു വരുന്നതായും ഇത് സംബന്ധിച്ച കൃത്യമായ കണക്കുകൾ ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സമയാസമയങ്ങളിൽ ഇവ ഓഡിറ്റിന് വിധേയമാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ചെമ്പകത്തിൻ മൂട് വഴിയുള്ള പ്രവേശനം ക്ഷേത്രസ്ഥാനിക്കും , രാജകുടുംബാംഗങ്ങൾക്കും മാത്രമാണ് . മറ്റാർക്കും ചെമ്പകത്തിൻ മൂട് വഴി പ്രവേശിക്കാനോ, ക്ഷേത്രത്തിൽ നിന്ന് പുറത്ത് പോകാനോ അനുവാദമില്ലെന്നും ക്ഷേത്രഭരണസമിതി പറഞ്ഞു.സുരക്ഷാ പരിശോധനകൾക്ക് വിധേയമായാണ് ഭക്തർക്കും ,ജീവനക്കാർക്കും , അതിഥികൾക്കും ക്ഷേത്രത്തിൽ പ്രവേശനം . പൊലീസ് റിപ്പോർട്ടിൽ പറയുന്ന തരത്തിൽ സുരക്ഷാ പരിശോധയില്ലാതെ ചില വ്യക്തികൾ ക്ഷേത്രത്തിൽ പ്രവേശിച്ചുവെന്ന കാര്യം വാസ്തവവിരുദ്ധമാണെന്നും ക്ഷേത്രഭരണസമിതി അറിയിച്ചു .
ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുന്ന വജ്രാഭരണമായ വൈരനാമ കുറച്ച് നാളുകളായി കാണാനില്ല . ആറു മാസം മുൻപ് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയെന്നാണ് രേഖ . വിശ്വാസികൾ സംഭാവന നൽകിയ 78 ഗ്രാമത്തോളം സ്വർണ്ണത്തിലും കുറവുണ്ട് . സ്വർണ്ണവിളക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ട്പോയിട്ട് ആറ് മാസം കഴിഞ്ഞിട്ടും മടക്കി എത്തിച്ചില്ലെന്നുമായിരുന്നു പൊലീസ് റിപ്പോർട്ട്.

