ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി . ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഒത്തുകളിയുടെ ഉത്തരവാദിത്തം ഗ്യാനേഷ് കുമാറിനാണെന്നാണ് രാഹുൽ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത്.
“ആദ്യം, അന്ന് സേവനമനുഷ്ഠിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാറിനെ ബിജെപിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാൻ ഉപയോഗിച്ചു. പിന്നീട് മോദിയും ഷായും അദ്ദേഹത്തെ അമ്പയറാക്കി, ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഒത്തുകളിയുടെ ഉത്തരവാദിത്തം അദ്ദേഹത്തെ ഏൽപ്പിച്ചു.” എന്നാണ് രാഹുലിന്റെ കുറിപ്പ്.
ഒപ്പം ഗ്യാനേഷ് കുമാർ ബിജെപി ടിക്കറ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടുവെന്നും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്നുമുള്ള മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ ആരോപണവും രാഹുൽ പങ്ക് വച്ചു.
അതേസമയം രാഹുൽ ഗാന്ധിയുടെ ഏക ലക്ഷ്യം അധികാരം നേടുക എന്നതാണെന്നും എന്ത് വില കൊടുത്തും അധികാരം നേടാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു. “2026 മെയ് 27 ന് ഇന്ത്യൻ സുപ്രീം കോടതി എസ്ഐആറിന് അനുകൂലമായി വിധി പ്രസ്താവിച്ചു. മൂന്ന് കമ്മീഷണർമാരും ഏകകണ്ഠമായിരുന്നു, സുപ്രീം കോടതിയും തിരഞ്ഞെടുപ്പ് കമ്മീഷന് അനുകൂലമായി വിധി പ്രസ്താവിച്ചു, മൂന്ന് കമ്മീഷണർമാരുടെയും യോഗം ഏകകണ്ഠമായിരുന്നു.
എന്നിട്ടും , കോൺഗ്രസ് പെരുമാറുന്ന രീതി പാർട്ടിക്കുള്ളിലെ പക്വതയുടെ അഭാവത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നു.കോൺഗ്രസ് പാർട്ടിക്ക് അവരുടെ വിഷയങ്ങൾ അവതരിപ്പിക്കുന്നതിൽ പക്വതയില്ല. ഇതെല്ലാം ചെയ്യുന്നത് അജ്ഞത കൊണ്ടാണ് “ എന്നും സാംബിത് പത്ര പറഞ്ഞു.

