ഹൈദരാബാദ്: വോട്ടർ പട്ടികയുടെ ‘സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ’ എന്നത് ‘പിൻവാതിൽ എൻആർസി’ ആണെന്ന് എഐഎംഐഎം തലവനും , എംപിയുമായ അസദുദ്ദീൻ ഒവൈസി . എസ്ഐആറിന്റെ തുടക്കം മുതൽ താൻ അതിനെ എതിർക്കുന്നുണ്ട് . പഴയ രേഖകൾ നേടുന്നതിനും അവരുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനും പാവപ്പെട്ട ആളുകൾക്ക് ഈ പ്രക്രിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്നും ഒവൈസി പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനരീതിയിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രതിഷേധത്തോട് പ്രതികരിക്കവെ, മറ്റ് പാർട്ടികളുമായി ‘ഒന്നിച്ച് നിൽക്കുന്ന’ കാര്യം ഭാവിയിൽ തീരുമാനിക്കുമെന്നും ഒവൈസി പറഞ്ഞു.
“നമ്മൾ ഒന്നിച്ച് നിൽക്കുമോ ഇല്ലയോ എന്നത് ഭാവിയിലെ കാര്യമാണ്. എന്നാൽ എസ് ഐ ആർ എന്നത് ഒരു ‘പിൻവാതിൽ എൻആർസി’ ആണെന്ന് ഞങ്ങൾ തുടക്കം മുതലേ പറയുന്നുണ്ട്. എൻആർസി അന്തിമമായി നടപ്പിലാക്കിയ പ്രദേശങ്ങളിലെ ജനസംഖ്യാപരമായ മാറ്റങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും, അവർ അന്തിമ എൻആർസി പട്ടിക അവലോകനം ചെയ്യുമെന്നും അമിത് ഷാ തന്നെ വ്യക്തമാക്കിയിട്ടുണ്ട്,
ഇതിനർത്ഥം എന്താണ്? ഇതൊരു പിൻവാതിൽ എൻആർസി ആണെന്ന ഞങ്ങളുടെ വാദം ഇത് ശരിവെക്കുന്നു . വൈകാതെ തന്നെ ഈ സർക്കാർ എൻആർസി നടപ്പിലാക്കുകയും ഈ വോട്ടർ പട്ടിക അതിന് അടിസ്ഥാനമാക്കുകയും ചെയ്യും. വീണ്ടും വരിയിൽ നിൽക്കേണ്ടിയും രേഖകൾ ഹാജരാക്കേണ്ടിയും വരുന്ന അവസ്ഥ നിങ്ങൾക്കുണ്ടാകും. ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. എൻ്റെ മണ്ഡലത്തിൽ തന്നെ, വോട്ടർ പട്ടികയിൽ പേരില്ലാത്തതും വലിയ ദുരിതം അനുഭവിക്കുന്നതുമായ ആളുകളെ ഞാൻ കാണുന്നുണ്ട്,” ഒവൈസി പറഞ്ഞു.

