തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള തന്റെ പ്രസ്താവനയിൽ നിന്ന് മലക്കം മറിഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ . രാഹുലിനെ പാർട്ടി തിരിച്ചെടുക്കണമെന്നും , ഈ തിരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിപ്പിക്കണമെന്നുമാണ് പിജെ കുര്യൻ പറയുന്നത്.
“നടപടി പിൻവലിക്കണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കണം. സിപിഎമ്മിൽ ഇല്ലാത്തപ്പോൾ നമ്മൾ എന്തിന് ധാർമ്മികതയെക്കുറിച്ച് വിഷമിക്കണം? ആരോപണവിധേയരായ സിപിഎം നേതാക്കൾ പദവികളിൽ തുടരുന്നു. എന്തുകൊണ്ടാണ് കോൺഗ്രസ് നേതാക്കളോട് മാത്രം ധാർമ്മികതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുന്നത്?” പിജെ കുര്യൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു സമ്മേളനത്തിനിടെ രാഹുൽ തന്നെ കണ്ടതായും പിജെ കുര്യൻ വ്യക്തമാക്കി.
തനിക്കെതിരെ പിജെ കുര്യൻ സ്വകാര്യ ചാനലിൽ നടത്തിയ പ്രസ്താവനയിൽ രാഹുൽ അതൃപ്തി അറിയിച്ചതായാണ് സൂചന . യുവാക്കൾക്ക് പാർട്ടിയിൽ അവസരം നൽകണമെന്നും, അവർക്ക് അവസരം നൽകുമ്പോഴും ചില കാര്യങ്ങൾ ഒരു മാനദണ്ഡമാക്കണമെന്നും, രാഹുലിന് പാലക്കാട് സീറ്റ് നൽകരുതെന്നും പിജെ കുര്യൻ പറഞ്ഞിരുന്നു. ഇതിൽ നിന്നാണ് ഇപ്പോൾ കുര്യൻ പിന്മാറിയിരിക്കുന്നത് .
ഇരുവരും തമ്മിൽ മുമ്പും പ്രശ്നങ്ങളുണ്ടായിരുന്നു. ലൈംഗിക പീഡന ആരോപണം ഉയർന്നപ്പോൾ രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരു യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകുകയും മറ്റൊരു സ്ത്രീ പരാതിയുമായി മുന്നോട്ടുവരുകയും ചെയ്തതിനെ തുടർന്നാണ് രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത് . കേസിനുശേഷം ഒളിവിൽ പോയ രാഹുൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയിരുന്നു . അന്ന് കോൺഗ്രസ് പ്രവർത്തകർ രാഹുലിനെ സ്വീകരിച്ച രീതി കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.
കഴിഞ്ഞ ദിവസം മന്നം ജയന്തി വേദിയിൽ രാഹുൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം വേദി പങ്കിട്ടിരുന്നു. രമേശ് ചെന്നിത്തല, പിജെ കുര്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പിസി വിഷ്ണുനാഥ്, എംകെ രാഘവൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഇരുന്ന അതേ നിരയിലാണ് രാഹുൽ ഇരുന്നത്. യോഗത്തിനെത്തിയ ചിലർ രാഹുലിനൊപ്പം സെൽഫിയും എടുത്തു.

