ന്യൂഡൽഹി ; ബംഗ്ലാദേശ് കളിക്കാരൻ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് കെകെആറിനോട് നിർദ്ദേശിച്ച് ബിസിസിഐ . മുസ്തഫിസുർ റഹ്മാനെ ടീമിൽ ഉൾപ്പെടുത്തിയത് വിവാദമായ സാഹചര്യത്തിലാണ് പുതിയ നീക്കം. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് കെകെആറിന് മുന്നിൽ ഈ നിർദേശം വച്ചത്.
ബിസിസിഐ തുടക്കത്തിൽ വിഷയത്തിൽ ഇടപെട്ടിരുന്നില്ല. എന്നാൽ കെ കെ ആർ ഉടമ ഷാരൂഖിനെതിരെ വധഭീഷണി വരെ ഉയർന്നതിനു പിന്നാലെയാണ് ഈ തീരുമാനം എടുത്തതെന്ന് സൈകിയ അഭിപ്രായപ്പെട്ടു.
ഡിസംബറിലെ ലേലത്തിൽ കെകെആർ റെക്കോർഡ് തുകയായ 9.20 കോടി രൂപയ്ക്കാണ് മുസ്തഫിസുർ റഹ്മാനെ സ്വന്തമാക്കിയത് . ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ബംഗ്ലാദേശി കളിക്കാരനായിരുന്നു റഹ്മാൻ.
“സമീപകാലത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ കാരണം, ബംഗ്ലാദേശിലെ മുസ്തഫിസുർ റഹ്മാനെ അവരുടെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബിസിസിഐ കെകെആറിനോട് നിർദ്ദേശിച്ചു . ആരെയെങ്കിലും പകരക്കാരനായി ആവശ്യപ്പെട്ടാൽ, ബിസിസിഐ അത് അനുവദിക്കുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട് “ – സൈകിയ പറഞ്ഞു.
മുസ്തഫിസുറിനെ വിട്ടയക്കാനുള്ള ബിസിസിഐയുടെ നിർദ്ദേശം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തന്ത്രപരവും സാമ്പത്തികവുമായ തിരിച്ചടിയാണ്. ഹര്‍ഷിത് റാണ, ഉംറാന്‍ മാലിക് എന്നിവരടക്കമുള്ളവരെ ടീമില്‍ ഉള്‍പ്പെടുത്തുകയോ, അല്ലെങ്കില്‍ റാച്ചിന്‍ രവീന്ദ്രയെപ്പോലുള്ള ബാറ്റ്സ്മാനെ ഉള്‍പ്പെടുത്തുകയോ ചെയ്യേണ്ടി വരുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ പറയുന്നത് .
കെകെആറിന് പകരം താരത്തെ നല്കാന് ബിസിസിഐ ഇതിനകം സമ്മതിച്ചിട്ടുണ്ട്, എന്നാല്‍ ഫണ്ട് തിരികെ നല്‍കുന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല.

