ന്യൂഡൽഹി ; കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വാദ്രയുടെയും മകനായ റെഹാൻ വാദ്രയുടെ വിവാഹനിശ്ചയം ഡിസംബർ 29 നാണ് അവിവ ബെയ്ഗുമായി നടന്നത്. വിവാഹനിശ്ചയത്തിന് ശേഷം റെഹാൻ വാദ്ര അവിവ ബെയ്ഗിനൊപ്പം തന്റെ ആദ്യ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇരുവരുടെയും വിവാഹത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കിംവദന്തികൾ പ്രചരിച്ചിരുന്നു .റോബർട്ട് വാദ്രയും ഇരുവരെയും ആശംസിച്ച് രംഗത്തെത്തി.
“എന്റെ മകന് ജീവിതപങ്കാളിയെ ലഭിച്ചു. എന്റെ പ്രാർത്ഥനകൾ അവനോടൊപ്പമുണ്ട്. അവൻ ജീവിതത്തിൽ സന്തോഷം കണ്ടെത്തട്ടെ. അവരുടെ ജീവിതം സന്തോഷവും, അചഞ്ചലമായ കൂട്ടുകെട്ടും, സ്നേഹവും, ശക്തിയും കൊണ്ട് നിറയട്ടെ. ഒരുമിച്ച് പുരോഗമിക്കുകയും വിജയം നേടുകയും ചെയ്യുന്ന ഈ ജീവിത യാത്രയിൽ അവർ പരസ്പരം കൈകോർത്ത് പിടിച്ചുകൊണ്ടേയിരിക്കട്ടെ,” റോബർട്ട് വാദ്ര പറഞ്ഞു.
“നിങ്ങൾ രണ്ടുപേരോടും ഒരുപാട് സ്നേഹം. നിങ്ങൾ എപ്പോഴും പരസ്പരം ബഹുമാനിക്കുകയും മൂന്നു വയസുമുതൽ ഉറ്റ സുഹൃത്തുക്കളായി തുടരുകയും ചെയ്യുന്നു ” എന്ന് പ്രിയങ്ക ഗാന്ധി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.
അവീവ ബെയ്ഗും റെഹാനും ഫോട്ടോഗ്രാഫിയിൽ അഭിനിവേശമുള്ളവരാണ്. റെഹാൻ അടുത്തിടെയാണ് അവീവയോട് പ്രണയാഭ്യർത്ഥന നടത്തിയത്. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം ഉറപ്പിച്ചത്. റെഹാൻ വാദ്രയുടെയും അവീവയുടെയും കുടുംബങ്ങളും വളരെ അടുപ്പമുള്ളവരാണ്.

