പാലക്കാട്: ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായി തിരച്ചിൽ തുടരുന്നു. രാഹുൽ സുഹൃത്തായ സിനിമാ നടിയുടെ ചുവന്ന പോളോ കാറിൽ രക്ഷപെട്ടതായാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് രാഹുൽ ഒളിവിൽ പോയത്.
പാലക്കാട് കണ്ണാടിയിൽ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയ്ക്ക് യുവതി പരാതി നൽകിയ വിവരം രാഹുൽ അറിഞ്ഞത് . ഇവിടെ നിന്നാണ് രാഹുൽ ഒളിവിൽ പോയത് . ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്. ഈ കാർ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല.
പാലക്കാട് കുന്നത്തൂർമേട്ടിലുള്ള രാഹുലിന്റെ ഫ്ലാറ്റിൽ ഇന്നലെ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ, യുവതി എത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയില്ല. ഇവിടെ കൊണ്ടുവന്ന ശേഷം ബലാത്സംഗം ചെയ്തതായി യുവതി മൊഴി നൽകിയിരുന്നു . തുടർന്നായിരുന്നു തിരച്ചിൽ. എന്നാൽ, സിസിടിവി ഡിവിആറിൽ ആ സമയത്തെ ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. ഈ സിസിടിവി ദൃശ്യങ്ങൾ ഇല്ലാതാക്കിയതായും സൂചനയുണ്ട്. പ്രത്യേക അന്വേഷണ സംഘം ഇന്ന് ഫ്ലാറ്റിലെ സെക്യൂരിറ്റി അടക്കമുള്ളവരെ വിശദമായി ചോദ്യം ചെയ്യും.
ഹാർഡ് ഡിസ്ക് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി ബാക്കപ്പ് വീണ്ടെടുക്കാൻ പോലീസ് ശ്രമിക്കുകയാണ്. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ഫസലിനെയും ചോദ്യം ചെയ്തു.

