തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നതിൽ നിന്ന് പി.കെ.ശ്രീമതിയെ തടഞ്ഞത് പാർട്ടിയാണെന്ന എം.വി.ഗോവിന്ദൻ്റെ നിലപാട് തള്ളി സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. ആവശ്യമുള്ളപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ പി.കെ.ശ്രീമതി പങ്കെടുക്കുമെന്നും എം.എ.ബേബി പറഞ്ഞു. പികെ ശ്രീമതിയെ വിലക്കിയിട്ടില്ലെന്നും സംഘടനാപരമായി തീരുമാനിക്കുന്ന എല്ലാ യോഗങ്ങളിലും പികെ ശ്രീമതി പങ്കെടുക്കുമെന്നും എംഎ ബേബി വ്യക്തമാക്കി.
പികെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് പുറത്താക്കിയത് പാർട്ടിയുടെ സംഘടനാപരമായ തീരുമാനമാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു.
‘പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയല്ല തീരുമാനമെടുക്കേണ്ടത്. പി.കെ.ശ്രീമതി സി.പി.എം സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായിരുന്നു. എന്നാൽ, 75 വയസ്സ് പിന്നിട്ടതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കി.വിരമിച്ചുവെന്ന് പറയാനാകില്ല. മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡൻ്റായി പ്രവർത്തിക്കുന്നു.
അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന വനിത എന്ന നിലയിൽ പ്രത്യേക പരിഗണന നൽകി കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കേരളത്തിൻ്റെ സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനല്ല, അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കാനാണ് ഒരാളെ കേന്ദ്രകമ്മിറ്റിയിലേക്ക് കൊണ്ടുപോകുന്നത്,” എന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത് .

