കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ . തിരുവല്ലയിൽ നടക്കുന്ന യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെന്നിത്തല വേദിയിൽ ഇരിക്കവേയായിരുന്നു കുര്യന്റെ പരാമർശം.
‘തെരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിക്കുമെന്ന് ഉറപ്പാണ്. ചെന്നിത്തല മുഖ്യമന്ത്രിയാകും. പാർട്ടി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഇതിൽ എനിക്ക് സംശയമില്ല,’ കുര്യൻ പറഞ്ഞു. അതേസമയം യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരു പോരാട്ടവുമില്ലെന്ന് വി ഡി സതീശൻ പറഞ്ഞിരുന്നു. സ്ഥാനങ്ങൾ കപ്പിനും ചുണ്ടിനും ഇടയിലായിരുന്നിട്ടും ഒരു പോരാട്ടവും ഉണ്ടായിട്ടില്ല. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരമില്ല. ഒരു നേതാവിനെ ഉയർത്തിക്കൊണ്ടുവന്നതിന് ശേഷമല്ല കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് പ്രവർത്തകർ ഇതുവരെയില്ലാത്ത വിധം തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. മിഷൻ 26 ഒരു വർഷം മുമ്പാണ് ആരംഭിച്ചത്. കോൺഗ്രസിൽ ഒരു ടീമുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യം വ്യക്തമാണ്. കോൺഗ്രസിൽ പ്രശ്നങ്ങളൊന്നുമില്ലെന്നുംസതീശൻ പറഞ്ഞിരുന്നു.

