തിരുവനന്തപുരം: കിളിമാനൂരിൽ വൃദ്ധനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പാറശ്ശാല സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തു. ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് നടപടി സ്വീകരിച്ചത്. അനിൽ കുമാർ ഓടിച്ചിരുന്ന കാർ ഇടിച്ച് വൃദ്ധൻ മരിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച്ച പുലർച്ചെ നാലിനും , അഞ്ചിനുമിടയിലാണ് സംഭവം . റോഡിലൂടെ പോകുകയായിരുന്ന രാജനെ ഇടിച്ച ശേഷം കാർ നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. പരിക്കേറ്റ രാജൻ ചികിത്സ കിട്ടാതെ റോഡിൽ രക്തം വാർന്ന് കിടന്നാണ് മരിച്ചത് .സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിനിടയാക്കിയത് രാജൻ ഓടിച്ച വാഹനമാണെന്ന് മനസിലായത് .വാഹനം അമിത വേഗത്തിൽ അലക്ഷ്യമായി ഓടിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്.
അനിൽ കുമാറിനെതിരെ അമിതവേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെത്തുടർന്ന് അനിൽ കുമാർ ഒളിവിൽ പോയി. 10 വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അനിൽ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.തെളിവ് നശിപ്പിക്കാൻ അപകടത്തിന് ശേഷം വർക്ക് ഷോപ്പിൽ ഉപേക്ഷിച്ച കാർ കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

