തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കത്തയച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . സ്വർണ്ണ മോഷണത്തിൽ പുരാവസ്തുക്കൾ കടത്തുന്ന സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും 500 കോടിയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു.
കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെക്കുറിച്ച് നേരിട്ട് അറിവുള്ള ഒരാൾ അന്വേഷണവുമായി സഹകരിക്കും . സംസ്ഥാനത്തെ ചില വ്യവസായികൾക്കും ശബരിമല സ്വർണ്ണ മോഷണത്തിൽ പങ്കുണ്ടെന്ന് ചെന്നിത്തല കത്തിൽ ആരോപിച്ചു.
പുരാവസ്തുക്കൾ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിൽക്കുന്ന സംഘങ്ങളെക്കുറിച്ച് നേരിട്ട് അറിവുള്ള ഒരാളെ അറിയാം. . പൊതുജനങ്ങൾക്ക് മുന്നിൽ വന്ന് വസ്തുതകൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറല്ല. എന്നാൽ, അന്വേഷണ സംഘത്തിനും കോടതിക്കും മുമ്പാകെ ഹാജരായി മൊഴി നൽകാൻ അദ്ദേഹം തയ്യാറാണ്. ഇതെല്ലാം സ്വതന്ത്രമായി അന്വേഷിച്ചതിനു ശേഷമാണ് താൻ പറയുന്നത്. സംസ്ഥാനത്തെ ചില വ്യവസായികളും റാക്കറ്റുകളും സ്വർണ്ണ മോഷണത്തിൽ പങ്കാളികളാണ്. ഈ റാക്കറ്റിലും പുരാവസ്തു സംഘങ്ങളിലുമുള്ള ദേവസ്വം ബോർഡിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷണത്തിന്റെ പരിധിയിൽ വരണമെന്നും – ചെന്നിത്തല പറഞ്ഞു.
അതേസമയം, കേസിൽ പ്രതികളായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ എന്നിവരോട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസ് ബദറുദ്ദീൻ ഇരുവരുടെയും ജാമ്യാപേക്ഷകൾ തള്ളിയിരുന്നു.

