എറണാകുളം: എറണാകുളത്ത് നിന്ന് കസ്റ്റഡിയിലായ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ വിട്ടയച്ചു. അഡ്വക്കറ്റ് ബി.എ ആളൂരിനെ കാണാനാണ് വന്നതെന്നും ആളൂര്‍ മരിച്ചത് അറിഞ്ഞില്ലെന്നും ബണ്ടി ചോര്‍ റെയില്‍വേ പൊലീസിന് മൊഴി നല്കി. നിലവില്‍ പ്രതിചേര്‍ക്കപ്പെട്ട കേസുകള്‍ ഇല്ലാത്തതിനാലാണ് വിട്ടയച്ചത്.
എഴുന്നൂറിലധികം കവര്‍ച്ച കേസുകളില്‍ പ്രതിയാണ് ബണ്ടി ചോര്‍. നിലവില്‍ കേരളത്തില്‍ കേസുകളൊന്നും ഇല്ല. തൃശൂരിലെ കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനാണ് എറണാകുളത്ത് എത്തിയത്. തൃശൂരിലെ കവര്‍ച്ച കേസില്‍ ബണ്ടി ചോറിനെ കോടതി വെറുതെ വിട്ടിരുന്നു.
റെയിൽവേ പൊലീസ് ഞായറാഴ്ച രാത്രി 8.30ഓടെ സ്റ്റേഷനിൽ പരിശോധന നടത്തുന്നതിനിടെയാണ് വെയ്റ്റിങ് ഏരിയയിൽ ബണ്ടി ചോറിനെ കണ്ടത്. സംശയം തോന്നി ചോദ്യംചെയ്യുകയായിരുന്നു. ഡല്‍ഹിയില്‍നിന്ന് ട്രെയിനിലാണ് എത്തിയതെന്ന് സ്ഥിരീകരിച്ചു. 2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ വീട്ടില്‍ മോഷണം നടത്തിയതിന് പിടികൂടിയിരുന്നു. പത്തുവര്‍ഷത്തെ തടവ് അനുഭവിച്ചാണ് പുറത്തിറങ്ങിയത്.

