തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ പ്രവാസി വ്യവസായിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം . പന്തളം സ്വദേശിയായ പ്രവാസിയിൽ നിന്ന് ഇന്നലെ വൈകുന്നേരമാണ് വിശദമായ മൊഴിയെടുത്തത് . കഴിഞ്ഞ ദിവസം ഫോണിലൂടെ എസ്ഐടി വിശദാംശങ്ങൾ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം അന്വേഷണ സംഘത്തിന് വിവരങ്ങൾ കൈമാറി. ചിലരുടെ നമ്പറുകളും സംഘത്തിന് കൈമാറി. മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണത്തിന് എസ്ഐടി തയ്യാറെടുക്കുകയാണ്.
ശബരിമല സ്വർണ്ണ മോഷണത്തിന് പിന്നിൽ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമാണെന്ന് വിവരം ലഭിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ചെന്നിത്തലയുടെ പരാതിയിൽ പ്രതിയായ ദുബായിലെ ഒരു വ്യവസായിയിൽ നിന്ന് എസ്ഐടി നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു. മോഷണത്തിൽ ഉൾപ്പെട്ട ഒരാളുമായുള്ള തന്റെ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ച് വ്യവസായി അറിയിച്ചു. എന്നാൽ ഇതിന്റെ ഒരു രേഖയും ഹാജരാക്കിയില്ല.
സ്വർണ മോഷണത്തിൽ പുരാവസ്തുക്കൾ കടത്തുന്ന സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും 500 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും വ്യക്തമാക്കി ഡിസംബർ 6 ന് ചെന്നിത്തല എസ്ഐടിക്ക് കത്തെഴുതിയിരുന്നു. പിന്നീട് അദ്ദേഹം എസ്ഐടിക്ക് മുന്നിൽ ഹാജരായി മൊഴി നൽകി. ശബരിമല സ്വർണ്ണ മോഷണത്തിൽ സംസ്ഥാനത്തെ ചില വ്യവസായികൾക്കും പങ്കുണ്ടെന്ന് ചെന്നിത്തല കത്തിൽ ആരോപിച്ചിരുന്നു.

