താമരശേരി: താമരശേരിയിൽ ഒൻപതുകാരി അനയ മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് റിപ്പോർട്ട്.
താമരശേരി ആനപ്പാറ പൊയിൽ സനൂപിന്റെ മകൾ അനയ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
പനി, ഛർദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മരിച്ച അനയ വീടിനടുത്തുള്ള കുളത്തിൽ കുളിക്കാറുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പാണ് കുട്ടി അവസാനമായി കുളത്തിൽ വന്ന് കുളിച്ചത്.
വെള്ളത്തിൽ ഒഴുക്ക് നിന്നാൽ, കുളിക്കരുതെന്ന് പറഞ്ഞ് കുട്ടികളെ തിരിച്ചയക്കാറുണ്ടെന്നും സമീപവാസി പറഞ്ഞു. നാട്ടുകാരെല്ലാം കുളിക്കുന്ന കുളമാണിത്. കുട്ടികൾ നീന്തൽ പഠിക്കുന്നതിനും മറ്റും ഇവിടെ വരാറുണ്ട്. കുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച് ചികിത്സയിലാണ്.

