തിരുവനന്തപുരം: തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയായി പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ നീക്കം . പത്മജയെ മത്സരിപ്പിക്കാൻ ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് സൂചന . കേന്ദ്രമന്ത്രി സുരേഷ് ഗോപിയും തൃശൂരിൽ പത്മജയെ മത്സരിപ്പിക്കാൻ താൽപ്പര്യമറിയിച്ചിട്ടുണ്ട് . സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥി എന്ന ലേബലിൽ പത്മജയെ തൃശൂരിലേക്ക് കൊണ്ടുവരും. ബിജെപിയുടെ എ-ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് തൃശൂർ.
ഗവർണർ സ്ഥാനത്തേക്ക് പത്മജയെ പരിഗണിക്കുമെന്ന് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ബിജെപിയുടെ നീക്കം തൃശൂരിൽ ശക്തനായ ഒരു സ്ഥാനാർത്ഥിയെ വേണമെന്ന ആവശ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. 2024 മാർച്ച് 7 ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വച്ചാണ് പ്രകാശ് ജാവദേക്കറിൽ നിന്ന് പത്മജ വേണുഗോപാൽ അംഗത്വം സ്വീകരിച്ചത് .
കെ. കരുണാകരന്റെ സ്മാരകം സ്ഥിതി ചെയ്യുന്ന മുരളി മന്ദിരത്തിന്റെ അവകാശിയാണ് പത്മജ എന്ന് വിൽപത്രത്തിൽ പറയുന്നു, എന്നാൽ കരുണാകരനെ ആഘോഷിച്ച തൃശ്ശൂരിലെ ജനങ്ങൾ പത്മജയ്ക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ അവസരം നൽകിയിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജ 946 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഇത്തവണ പത്മജയെ പിന്തുണയ്ക്കാൻ സുരേഷ് ഗോപിയും തൃശൂരിലെത്തുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത് .
അതേസമയം, പാലക്കാട് നിന്ന് ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാനും നീക്കമുണ്ട്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ച മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നേമത്ത് നിന്നും വി. മുരളീധരൻ കഴക്കൂട്ടത്ത് നിന്നും മത്സരിക്കാൻ സാധ്യതയുണ്ട്. കെ. സുരേന്ദ്രൻ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ സാധ്യതയുണ്ട്.

