കോഴിക്കോട് : റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ സെച്ചനോവ് സര്‍വകലാശാലയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ ദമ്പതികൾ അറസ്റ്റിൽ . കോഴിക്കോട് നടുവല്ലൂര്‍ കുനത്തില്‍ ഫിദ ഫാത്തിമ (28), ഭർത്താവ് കൊണ്ടോട്ടി മേലേക്കുഴിപ്പറമ്പില്‍ അഹമ്മദ് അജ്നാസ് (27) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
വേലൂര്‍ സ്വദേശിനി ഫാത്തിമ റിഷയുടെ പരാതിയിലാണ് അറസ്റ്റ്. മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പ്രതികള്‍ 14.08 ലക്ഷം കൈപ്പറ്റിയെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നിരവധി പേർ ഇവരുടെ വലയിൽ കുടുങ്ങിയതായാണ് വിവരം.റഷ്യയിൽ മെഡിക്കൽ വിദ്യാർഥിയായ ഫിദ ഫാത്തിമയുടെ റീൽസ് കണ്ടാണ് റിഷ ഇവരെ സമീപിക്കുന്നത്. പിന്നീട് അജ്നാസുമായി ചേർന്ന് പണം കൈപ്പറ്റുകയുമായിരുന്നു
വാഗ്ദാനം ചെയ്ത സീറ്റ് ലഭിക്കാതിരുന്നതോടെ പണം തിരികെ ചോദിച്ചപ്പോൾ രണ്ടുവർഷമായി ഇവർ ഒഴിവുകഴിവുകൾ പറയുകയായിരുന്നു. ഇതേത്തുടർന്നാണ് എരുമപ്പെട്ടി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം കോഴികോട് വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്.

